“ഹരി, ഞാൻ ചോദിച്ചത് കേട്ടില്ലേ?” അവൾ വീണ്ടും ചോദിച്ചു.
“എനിക്കറിയില്ല മീരാ.” ഹരിയുടെ ശബ്ദത്തിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു. “എനിക്കൊന്നും കേൾക്കണ്ട.”
കാറിനുള്ളിൽ വീണ്ടും നിശബ്ദത. മഴയുടെ ശബ്ദം മാത്രം.
കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോൾ മീര വീണ്ടും സംസാരിച്ചു തുടങ്ങി.
“ആ ഡോക്ടർ പറഞ്ഞ കാര്യം… നമുക്ക് അതൊന്ന് ആലോചിച്ചാലോ?”
ഹരി പെട്ടെന്ന് വണ്ടി ബ്രേക്ക് ചെയ്തു. പിന്നിൽ വന്ന കാറുകാർ ഹോൺ അടിച്ചെങ്കിലും അവൻ അത് കാര്യമാക്കിയില്ല. അവൻ മീരയുടെ മുഖത്തേക്ക് ഉറ്റുനോക്കി.
“എന്ത് ആലോചിക്കണമെന്ന്? ഡോണർ കാര്യമാണോ നീ പറയുന്നത്?”
“വേറെ വഴിയില്ലല്ലോ ഹരി. നമ്മൾ എത്ര നാളായി കാത്തിരിക്കുന്നു. ഇനിയും ഇങ്ങനെ കാത്തിരുന്നിട്ട് കാര്യമുണ്ടോ? ചികിത്സയില്ലെന്ന് ഡോക്ടർ തറപ്പിച്ചു പറഞ്ഞില്ലേ.”
“അതുകൊണ്ട്?” ഹരി ചോദിച്ചു. “അതുകൊണ്ട് വഴിയിൽ പോകുന്ന ഏതോ ഒരുത്തന്റെ കുഞ്ഞിനെ നീ പ്രസവിക്കണമെന്നാണോ?”
“അങ്ങനെ പറയല്ലേ ഹരി.” മീര കരയാൻ തുടങ്ങി. “അത് എന്റെ കുഞ്ഞായിരിക്കില്ലേ? എന്റെ ചോരയല്ലേ? പിന്നെ എന്താ പ്രശ്നം?”
“നിനക്ക് അത് നിന്റെ ചോരയായിരിക്കും. പക്ഷേ എനിക്കോ?” ഹരി സ്റ്റിയറിങ്ങിൽ ആഞ്ഞടിച്ചു. “എനിക്കത് അന്യന്റെ കുഞ്ഞാണ്. അത് വളർന്നു വരുമ്പോൾ, അതിന്റെ മുഖത്ത് നോക്കുമ്പോൾ എനിക്ക് എന്റെ ഛായ കാണാൻ പറ്റില്ല. ഓരോ തവണ അതിനെ കാണുമ്പോഴും ഞാൻ ഓർക്കും, ഞാനൊരു പരാജയമാണെന്ന്. എനിക്ക് അതിനെ സ്നേഹിക്കാൻ പറ്റില്ല മീരാ.”
“അപ്പൊ എന്റെ കാര്യമോ?” മീരയുടെ ശബ്ദം ഉയർന്നു. “എന്റെ കൂടെ കല്യാണം കഴിഞ്ഞവരൊക്കെ രണ്ടാമത്തെ പ്രസവത്തിന് ഒരുങ്ങുകയാണ്. ഓരോ തവണ വീട്ടിൽ ചെല്ലുമ്പോഴും അമ്മ ചോദിക്കുന്നത് കേട്ട് എനിക്ക് മടുത്തു. എനിക്കൊരു അമ്മയാകണ്ടേ? ആരുടെ കുഞ്ഞായാലും ഞാൻ അതിനെ സ്നേഹിക്കും. എനിക്ക് വേണ്ടത് ഒരു കുഞ്ഞിനെയാണ്.”