“ഡാ കിച്ചൂ. നീ വെറുതെ അനാവശ്യം പറയരുത്. ?”
“അനാവശ്യമോ..? എന്ത് അനാവശ്യം..? ഈ നാട് മുഴുവൻ പറഞ്ഞു നടന്നതാ ഇതൊക്കെ. എന്നിട്ട് ഞാൻ പറയുമ്പോൾ അനാവശ്യം. ”
“ഡാ അവള് അത്തരക്കാരി ഒന്നും അല്ല. നീ ഇനിയും അവളെ അങ്ങനെ കാണരുത്. അതാണ് അവൾക്ക് ഏറ്റവും വേദന ഉണ്ടാക്കിയത്. നാട് മുഴുവൻ പറഞ്ഞാലും നീ മാത്രം അങ്ങനെ പറയരുത്.. നിനക്ക് അറിയില്ലേ അവളെ.?”
“എനിക്ക് എന്ത് അറിയാമെന്ന്..? എനിക്ക് എന്തറിയാമെന്ന് ആണ് ചേച്ചി പറയുന്നത്..? അവള് അത്തരക്കാരി ആണോ എന്ന് എനിക്കറിയില്ല. പക്ഷെ നമ്മുടെ അച്ഛൻ അത്തരക്കാരാൻ ആണോ.? ചേച്ചി പറ. . അതിന്റെ ഉത്തരം തന്നെയല്ലേ ഈ പറയുന്ന ചേച്ചിയും. .”
“ഡാ മോനെ കിച്ചു. നീ അങ്ങനെ ഒന്നും പറയാതെടാ. നീ ഒന്നും മറന്നിട്ടില്ല എന്ന് എനിക്ക് അറിയാം. നിനക്ക് ഒന്നും മറക്കാൻ കഴിയില്ലെന്നും. എന്നാലും നീ എല്ലാം മറക്കെടാ മോനെ.. ”
“ഇല്ല. ഞാൻ ഒന്നും മറക്കില്ല. എന്റെ ജീവിതം ആണ്. എല്ലാവരും ചേർന്ന് ഇങ്ങനെ ആക്കിയത്. എന്നിട്ട് ഞാൻ മറക്കാനോ. ഇപ്പോൾ തന്നെ ചേച്ചി വിളിച്ചു പറഞ്ഞോണം അതുങ്ങള് രണ്ടിനോടും എന്റെ വീട്ടിൽ നിന്ന് ഇപ്പോൾ തന്നെ ഇറങ്ങി പോകാൻ. ഇല്ലെങ്കിൽ രണ്ടിനേയും ഇപ്പോൾ തന്നെ ഞാൻ പിടിച്ചു വലിച്ച് പുറത്തെറിയും. പിന്നെ പറഞ്ഞില്ലെന്നു വേണ്ട.”
“ഡാ മോനെ നീ വീട്ടിൽ എത്തിയോ.? എന്നാലും അങ്ങനെ ഒന്നും ചെയ്യല്ലേടാ. അവര് പാവങ്ങളാ. അവരെ മോൻ ഉപദ്രവിക്കരുത്. കഴിഞ്ഞ ഒരാഴിച്ച മുൻപ് പെയ്ത മഴയിൽ അവരുടെ വീട് ഇടിഞ്ഞു വീണു. ഭാഗ്യം കൊണ്ടാ അവർ രണ്ടാളും ജീവനും കൊണ്ട് രക്ഷപെട്ടത്. അതുകൊണ്ട് ചേച്ചിയാ അവരെ വിളിച്ചു അവിടെ വീട്ടിൽ താമസിപ്പിച്ചത്. “