” ചേച്ചിയുടെ പിറന്നാള് എപ്പോഴാ. ? ”
” എന്റെ പിറന്നാൾ കഴിഞ്ഞു. അത് കഴിഞ്ഞ മാസമായിരുന്നു. ഇനി അടുത്ത വർഷമേ ഉള്ളൂ.”
“എന്നാൽ അടുത്ത വർഷം ചേച്ചിയുടെ പിറന്നാളിന് ചേച്ചി ഇവിടെ വാ. നമുക്ക് ഇവിടുന്ന് ആഘോഷിക്കാം ചേച്ചിയുടെ പിറന്നാൾ. എന്താ. ചേച്ചി വരുമോ..? .” ”
“അത് ഇനി അടുത്ത വർഷം അല്ലേ..? അത് നമുക്ക് അപ്പോൾ നോക്കാം. ഞാൻ ഇപ്പോൾ കുളിച്ചിട്ട് വരാട്ടേ..? എനിക്ക് നല്ല ക്ഷീണം ഉണ്ട് ഒന്ന് നന്നായി ഉറങ്ങണം. ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം. ”
“എന്നാൽ ചേച്ചി വാ ഞാൻ ബാത്‌റൂം കാണിച്ചു തരാം.”
അങ്ങനെ പറഞ്ഞു കൊണ്ട് ആതു ബാത്‌റൂമിലേക്ക് നടന്നു.
ഗൽബി വേഗം ബേഗിൽ നിന്നും കുളിക്കാൻ ഉള്ളത് എടുത്തു. ആതു ഗൽബിക്ക് ബാത്രൂം കാണിച്ചു കൊടുത്തു. എന്നിട്ട് ചോദിച്ചു.
“ചേച്ചിക്ക് കുടിക്കാൻ ഒന്നും വേണ്ടല്ലോ..? ”
“വേണ്ട. ‘
“എന്നാ ഗുഡ് നൈറ്റ് ചേച്ചി. ”
“ഗുഡ് നൈറ്റ് ആതു.”
ഗൽബി ബാത്‌റൂമിന്റെ വാതിൽ ചാരി.
ആതു വേഗം അടുക്കളയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് എന്നോട് സംസാരിച്ചു കഴിഞ്ഞ ഫരി താഴെ റൂമിൽ എത്തിയത്. ഫരിയെ കണ്ട ഉടനെ ആതു ഫരിയോട് ചോദിച്ചു.
“ഗൽബി ചേച്ചിയുടെ ചേച്ചി ആണോ..? ”
അത് കേട്ട് ഫരിയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു. എന്നിട്ട് പറഞ്ഞു.
“അല്ല. ഞാൻ അവളുടെ അമ്മിയാ”
“ങ്ങേ!!! അമ്മിയോ!? അങ്ങനെ പറഞ്ഞാൽ ആരാ. ഇവിടെ അമ്മി എന്ന് പറഞ്ഞാൽ കറി വെയ്ക്കുമ്പോൾ തേങ്ങ അരയ്ക്കാൻ ഉപയോഗിക്കുന്ന കല്ല് ആണ്. ആ കല്ലിനെ ആണ് ഇവിടെ അമ്മി എന്ന് പയുക.”