<span;>”എടാ ഒന്ന് പതുക്കെ പോ. എനിക്ക് പേടിയാവുന്നുണ്ട്. കോടമഞ്ഞു കാണുന്നില്ലേ. മുന്നിൽ വല്ലതും പൊട്ടി വീണിട്ടുണ്ടെങ്കിൽ മനസ്സിലാവില്ല.” അവൾ അൽപ്പം ഉച്ചത്തിൽ തന്നെ സംസാരം തുടർന്നു. വാഹിദിന് അതിൽ അൽപ്പം വാസ്തവം ഉണ്ടെന്ന് തോന്നി, വേഗത കുറച്ചു. എന്തൊക്കെയോ ആലോചിച്ചു ഡ്രൈവ് ചെയ്യുന്നത് കൊണ്ട് വാഹനം തന്റെ നിയന്ത്രണത്തിൽ നിന്ന് വഴുതിപ്പോകുന്നത് അവൻ ശ്രദ്ധിച്ചില്ല.
<span;>ചുറ്റുമുള്ള റബ്ബർ മരങ്ങൾ അസ്പഷ്ടമായി മാത്രം കാണാം. അന്ന് മെലിഞ്ഞു കുണുങ്ങി ഒഴുകിക്കൊണ്ടിരുന്ന അരുവിയിൽ നിന്ന് ഹുങ്കാരത്തോടെ വെള്ളം കുത്തിയൊഴുകുന്ന ശബ്ദം കേൾക്കാം. ഇന്നലെ രാത്രി മുതൽ പെയ്തു തുടങ്ങിയ മഴ ഇടവിട്ട് ഇടവിട്ട് ശക്തമായി പെയ്തത് കൊണ്ട് മലകളിൽ നിന്ന് വെള്ളം കുത്തിയൊഴുകി തുടങ്ങിയിരുന്നു. ബൈക്ക് കോടമഞ്ഞും മഴനൂലിഴകളും വകഞ്ഞു മാറ്റി റസ്റ്റ്‌ഹൗസിന്റെ പോർച്ചിൽ പോയി നിന്നു. വാഹനം നിന്ന് കുറച്ചു കഴിഞ്ഞിട്ടും എലിസബത് അതേ ഇരിപ്പാണെന്ന് കണ്ട് അവൻ ശുണ്ഠിയെടുത്തു.
<span;>”ഇറങ്ങു പോത്തേ.. ഒറ്റ ചവുട്ട് വച്ചു തരും.” അവൻ പുറകോട്ട് ശരീരം വളച്ച് അവളെ പിന്നിലേക്ക് തള്ളി. വേദനിക്കാതെ അവന്റെ കൈയിൽ ഒന്ന് പിച്ചിയിട്ട് കുസൃതിചിരിയോടെ അവൾ ബൈക്കിൽ നിന്ന് ഇറങ്ങി കോട്ടിനുള്ളിൽ കൈയിട്ട് ഹാൻഡ് ബാഗിൽ നിന്ന് താക്കോൽ എടുത്തു വീട് തുറന്നു. അപ്പോഴേക്കും വാഹിദും കോട്ടഴിച്ചു ബൈക്ക്ൽ ഇട്ടിട്ട് അങ്ങോട്ടെത്തി.വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ എലിസബത്ത് കോട്ടഴിച്ചു സ്റ്റാന്റിൽ ഇട്ട് പുറത്തിറങ്ങി ബൈക്കിൽ നിന്ന് വാഹിദിന്റെ കോട്ടെടുത്തു അതേ സ്റ്റാന്റിൽ നിവർത്തിയിട്ട് വാതിൽ അടച്ചു ലോക്ക് ചെയ്തു. വാഹിദ് ലൈറ്റ് ഇട്ട് മഴയുടെ ഇരുളിമയിൽ നിന്ന് റൂമിനെ മോചിപ്പിച്ചു സോഫയിൽ ചെന്നിരുന്നു