മഞ്ഞുകാലം വിടവാങ്ങി തുടങ്ങിയ, ഇടവപ്പാതിയുടെ വരവറിയിച്ചു തുടങ്ങിയ ഒരു രാത്രിയിൽ, ചാറ്റൽമഴ നനഞ്ഞു നാണിച്ചു നിൽക്കുന്ന പറമ്പിലെ പൂച്ചെടികൾ മുഖം കുനിച്ചു നിൽക്കുന്ന നേർത്ത വെളിച്ചത്തിൽ, ഇരുണ്ട ആകാശത്തേക്ക് കൂരിരുൾ മൂടി രാക്ഷസൻ മാരെ പോലെ നിവർന്നു നിൽക്കുന്ന കറുത്ത മലനിരകളിലേക്ക് നോക്കി അവൻ കുറേനേരം നിന്നു. ഗിരിനിരകളുടെ ഉത്തുംഗതകളിൽ കോടമഞ്ഞു പുതഞ്ഞു മലകളെ ആലിംഗനം ചെയ്യുന്നുണ്ടായിരിക്കും.
എന്തിനായിരിക്കും തന്നെ അത്യാവശ്യമായി കാണണമെന്ന് കിഷോർ പറഞ്ഞത് എന്ന് അവന് യാതൊരു ഊഹവും ഇല്ലായിരുന്നു. വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോളായിരുന്നു വിളി വന്നത്.
“ടൗണിലേക്ക് ഇറങ്ങുന്നുണ്ടെങ്കിൽ ഒന്ന് കോൺടാക്ട് ചെയ്യണമെന്നും വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ സംസാരിക്കണം” എന്നും പറഞ്ഞപ്പോൾ “നേരെ ഇങ്ങോട്ട് പോന്നോളൂ ” എന്ന് പറഞ്ഞപ്പോൾ അവൻ വഴങ്ങിയില്ല. “അവിടെ അല്ലാത്ത എവിടെയും ആവാം” എന്നായിരുന്നു മറുപടി. അതിൽ എന്തോ ഒരു പന്തികേട് തോന്നിയത് മുതൽ താൻ അക്ഷമനാണ്. എന്തിനായിരിക്കും അവൻ തന്നെ കാണാൻ ശ്രമിക്കുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. നോ, തന്റെ ഒരേയൊരു സുഹൃത്ത്. തനിക്ക് എപ്പോഴും കൈത്താങ്ങു പോലെ കൂടെയുണ്ടായിരുന്ന ചങ്ങാതി. അവൻ തന്നോട് അത്ര പ്രധാനപ്പെട്ട കാര്യങ്ങൾ പറയാൻ അല്ലാതെ ഇത്ര കാര്യമായി വിളിക്കില്ല. വാഹിദ് കൈകൾ മാറിൽ കെട്ടി ചിന്താമഗ്നനായി ആ ഇരുട്ടിൽ അക്ഷോഭ്യനായി നിന്നു.
മൊബൈൽ എടുത്ത് അവനെ ഒന്ന് വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. നോക്കിയപ്പോൾ എലിസബത്ത്. എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു, പിന്നെ കോൾ അറ്റന്റ് ചെയ്തു.