വിവാഹം കഴിഞ്ഞു കുറച്ച് രണ്ട് മൂന്ന് മാസങ്ങൾ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അവളിപ്പോൾ പൂർണ്ണ ഉത്തരവാദിത്തം വാഹിദിൽ അർപ്പിച്ച് അവന്റെ പെണ്ണായി മാത്രം ഒതുങ്ങി കൂടി പ്രണയവും കുറുമ്പുകളുമായി എല്ലാ ഭാരങ്ങളിൽ നിന്നും ഒളിച്ചോടി ആഹ്ലാദത്തോടെ ജീവിക്കുകയാണ്. എപ്പോഴും പറഞ്ഞിരുന്നത് പോലെ തിരക്കുകൾ ഇല്ലാതെ, കണക്കുകളുടെ തലപുകച്ചിൽ ഇല്ലാതെ, വാഹിദ് എന്ന തന്റെ എല്ലാ അതിജീവനങ്ങളുടെയും ഉത്തരത്തിൽ അഭയം തേടി മനോഹരമായ ജീവിതത്തിലേക്ക് മാത്രം ഒതുങ്ങി, അവനെ ഇടയ്ക്കിടെ വിളിച്ചു കുറേ നേരം സംസാരിച്ചും, ഇടക്ക് ഓഫിസിലേക്ക് ചെന്ന് കാര്യങ്ങൾ ഒന്ന് കണ്ണോടിച്ചും ദിവസങ്ങൾ കൊഴിഞ്ഞു വീഴുന്ന ദിവസങ്ങൾക്കൊപ്പം പോയിക്കൊണ്ടിരുന്നു.
വാഹിദിന്റെ ജീവിതമാണെങ്കിൽ, താൻ അനുഭവിച്ചു തള്ളിയ ഏകാന്തതയുടെയും അനാഥത്വത്തിന്റെയും നിശബ്ദതയിൽ നിന്ന്, പ്രണയത്തിന്റെയും കരുതലിന്റെയും സംരക്ഷണത്തിന്റെയും വാചാലതകളിലേക്ക് സമ്പന്നമായിതീർന്നു. തിരക്ക് പിടിച്ച ദിനങ്ങൾ. വിശ്രമമില്ലാത്ത ആഴ്ചകൾ. അവൻ ഉത്തരവാദിത്തങ്ങളുടെ ഭാരങ്ങളിലേക്ക് അറിയാതെ ആനയിക്കപ്പെട്ടു.
പക്ഷേ ജീവിതം എന്തൊരു മാസ്മരിക മായാജാലക്കാരനാണ്. ഒട്ടും പ്രതീക്ഷിക്കാതെ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുകയും പ്രലോഭനങ്ങളിൽ മന്ദഹാസിച്ചു തുടങ്ങുമ്പോൾ കണ്ണുരുട്ടികാണിക്കുകയും ചെയ്യുന്ന അതീന്ദ്രീയ ജാലവിദ്യക്കാരൻ. പ്രതീക്ഷകളെ താറുമാറാക്കി പ്രതിസന്ധികളെ വാരിയെറിഞ്ഞു തരുന്ന പരീക്ഷണഘട്ടം അഭിമുഖീകരിക്കാതെ തന്റെ ജീവിതം മുന്നോട്ട് പോകില്ലല്ലോ എന്ന് നിറം മങ്ങിയ പുഞ്ചിരിയോടെ വാഹിദ് ചിന്തിച്ചു.