“ഇത്രേം നേരം കടിച്ചു പറിക്കുമ്പോ ഇതൊന്നും കണ്ടില്ലായിരുന്നോ.?” അവന്റെ നോട്ടം കണ്ടപ്പോൾ നൂറ കളിയാക്കി. അവന്റെ ചുണ്ടിൽ ഒരു ചെറുചിരി മിന്നിപ്പൊലിഞ്ഞു. അവൻ രണ്ട് കൈകളും അവൾക്ക് നേരെ നീട്ടി. ഒരു കുഞ്ഞിനെപ്പോലെ തിടുക്കപ്പെട്ടു നടന്നു വന്നു നൂറ അവന്റെ കരവലയത്തിൽ അഭയം തേടി.
“മാഡത്തെ ഇക്കയ്ക്ക് മറക്കാൻ പറ്റുമോ? ഇത്രയധികം സ്വത്തൊക്കെ ഇക്കയ്ക്ക് തന്നെങ്കിൽ എന്ത് മാത്രം സ്നേഹിച്ചിരിക്കണം അവർ.” നൂറ പതുക്കെ പറഞ്ഞു.
“എനിക്ക് ഈ സ്വത്തൊന്നും വേണ്ടടോ. ഞാൻ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഞാൻ വന്നത് ബിസിനസ് നോക്കാൻ വേണ്ടിയും അല്ല. എന്നോട് ചോദിക്കാതെ രാജേട്ടനും ശാരിയും ചേർന്ന് ചെയ്തതാണ്. അത് കഴിഞ്ഞു ഒന്ന് രണ്ട് മാസം കൊണ്ട് അവൾ പത്തിരുന്നൂറ് അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു അപകടത്തിൽ പെടുകയും ശരീരം പോലും കിട്ടാതെ ആ പാറമടയിൽ കാറ് ഇടിച്ചു ത്തകർന്ന് കുടുങ്ങി കിടക്കുകയും ചെയ്യുന്നു. എനിക്ക് അതില്പിന്നെ മടുത്തതാണ് ഈ ബിസിനസും തലവേദനയും.” അവൻ നൂറയോട് കാര്യങ്ങൾ വിശദമായി പറഞ്ഞു.
” എങ്ങിനെ കാർ കൊക്കയിലേക്ക് വീണു? ആക്‌സിഡന്റ് വല്ലതും ആണോ? കൂടുതൽ അന്വേഷിച്ചില്ലേ.?” നൂറ ചോദിച്ചു.
“പിന്നില്ലാതെ.. അന്വേഷിക്കാതിരിക്കുമോ?” ഇപ്പോഴും അന്വേഷണം നടക്കുന്നു. ” അവൻ നിരാശയോടെ പറഞ്ഞു.
“എന്നിട്ട്.. ഒന്ന് വിശദമായി പറ.. വല്യ സിനിമ സ്റ്റൈൽ ജാഡ കളിക്കാതെ.” അവൾ അവനെ പിച്ചി. അവളെ ചുറ്റിപ്പിടിച്ചിരുന്ന വാഹിദിന്റെ കൈകൾ അയഞ്ഞു. പതുക്കെ മലർന്ന് കിടന്ന് അവൻ ഓർമകളിലേക്ക് സ്വയം നഷ്ട്ടപ്പെട്ടു. കാതങ്ങളും ആഴ്ചകളും മാസങ്ങളും താണ്ടി, മനസ്സ് ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു നിരാശയുടെ വിജനതയിലേക്ക് പലായനം ചെയ്തു.