ഈ ഒരാഴ്ച മാനസികമായി എനിക്ക് അത്യന്തം കഠിനമായിരുന്നു…
അവൾക്കും അങ്ങനെ തന്നെയായിരിക്കണം..എനിക്കുറപ്പുണ്ട്!
ഒരുമിച്ച് ജീവിക്കാൻ തുടങ്ങി ഇത്രയും കാലത്തിനിടയിൽ,
ഇത്ര ദൈർഘ്യമുള്ളതും
ഇത്ര ഗൗരവമുള്ളതുമായ ഒരു പിണക്കം നമുക്കിടയിൽ ഇതുവരെ ഉണ്ടായിരുന്നില്ല…
മുമ്പൊക്കെയും വാക്കുകൾ കൊണ്ട് തീരുന്ന ചെറിയ അസ്വസ്ഥതകളായിരുന്നു….
പക്ഷേ ഇത്… വാക്കുകൾക്കപ്പുറത്തായിരുന്നു…
ഇത് മൗനം തന്നെയായിരുന്നു—
നമ്മളെ രണ്ടുപേരെയും
ഒരുപോലെ തളർത്തിയ മൗനം!!
എന്നാൽ ഈ ഒരാഴ്ച മുഴുവനും
ഞാൻ ഈ കാര്യങ്ങളെക്കുറിച്ച്
ആഴത്തിൽ തന്നെ വിശകലനം ചെയ്യുകയായിരുന്നു…
നിഷ്പക്ഷമായി!!
അവൾ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നതിൽ യാതൊരു തർക്കവുമില്ല…
അത് എന്റെ മനസ്സ് വീണ്ടും വീണ്ടും
എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു…
പലതരം തീരുമാനങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി—
കഠിനമായതും, അവസാനമെന്നു തോന്നിയതും…
ആദ്യം ഞാൻ എടുത്ത തീരുമാനം
ഇനിയൊരു സംസാരത്തിനും നിൽക്കാതെ ഈ ബന്ധം വേർപിരിയുക എന്നുള്ളതായിരുന്നു…
പക്ഷേ അപ്പോഴേക്കും എന്റെ മനസ്സ്
എനിക്ക് ഉപദേശകനായി മാറി—
“ഡിവോഴ്സ് എന്നു പറയുന്നത്
ഒരു വെറും വാക്കല്ല, അത് ഒരു കേസ് ആണ്.. കോടതിയാണ്,, വിചാരണയാണ്!!
അവൾക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് ഞാൻ വാദിക്കുമ്പോൾ, അവൾ എനിക്കെതിരെ തിരിഞ്ഞു നിന്നാൽ??
“ഈ കളത്തിലേക്ക് അവളെ ഇറക്കിയത് ഞാൻ തന്നെയല്ലേ?”
എന്ന് അവൾ ചോദിച്ചാൽ??