അവിടെയുള്ള ആൾക്കാർ നന്നായി നിരീക്ഷിക്കുന്നത് കണ്ടപ്പോൾ മാധവൻ അവിടെ നിന്ന് മാറി പോയിരുന്നു. അശ്വതി ആണെങ്കിൽ ഇരുന്ന് വീർപ്പു മുട്ടി.
നോക്കുന്നവരുടെ മുഖത്തിന് മുന്നിൽ ചൂളിപ്പോയി. ഇവളുടെ ഭർത്താവ് ഇവൻ തന്നെയല്ലേ അതോ ഇപ്പൊ എഴുന്നേറ്റ് പോയാളാണോ എന്നാ ധ്വനിയോടെ പലരും അവളെ നോക്കി.
കാണിക്കാൻ കയറിയ സമയമാണ് മാധവൻ തിരികെ വന്നത്. ഉള്ളിൽ നിന്ന് നേഴ്സിന്റെ വക.
“എന്താ അശ്വതി ഉറങ്ങിയില്ലേ ഇന്നലെ..?”
ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
പുറത്തിറങ്ങിയപ്പോ തന്നെ കഠിനമായി നോക്കിക്കൊണ്ടിരുന്ന വല്യമ്മ അടുത്തതായി കയറാൻ പോകുന്നതിനു മുൻപ്.
“ഇതല്ലേ മോൾടെ ഭർത്താവ്…?”
പ്രസാദേട്ടനെ ചൂണ്ടിക്കൊണ്ട് സംശയം പോലെ ചോദിച്ചു.
അവൾ അതെ എന്ന് ഉത്തരം പറഞ്ഞതും വല്യമ്മേടെ ഒരു ചിരി. മൂവരെയും നോക്കിയിട്ട്..
ഉരുകി ഇല്ലാതായി എന്ന് വേണം പറയാൻ. കയ്യും പൊട്ടി കാണിക്കാൻ പോകുന്നതിലിടക്കും അന്യരുടെ കാര്യത്തിലാണ് ശ്രദ്ധ. അവൾക്കല്പം ദേഷ്യവും തോന്നി.
എങ്ങനെയൊക്കെയോ ഒരു വിധം അവിടുന്ന് തടി തപ്പി.
പ്രസാദിന് ഇനി കാണിക്കാൻ വരേണ്ട. വാൾക്കർ ഇല്ലാതെ നടന്നു തുടങ്ങാം. ഒരാഴ്ച കഴിഞ്ഞാൽ പുറത്തേക്കും.
ഒരു കൊല്ലം കഴിഞ്ഞേ ഉള്ളിലിട്ട സ്റ്റീല് എടുക്കേണ്ടതുള്ളു. എന്നാൽ അതിന്റെ സന്തോഷമൊന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ല.
എല്ലാവരും പുറത്ത് നിന്നാണ് ഫുഡ് കഴിച്ചത്. പ്രസാദ് കാറിലിരുന്നും കഴിച്ചു.
വീട്ടിലേക്ക് മടങ്ങവേ, ക്ഷീണം കാരണം അശ്വതി ഉറങ്ങിയിരുന്നു. കയ്യിൽ കൊച്ചിനെയും പിടിച്ച് പ്രസാദിന്റെ തോളിൽ ചാരിയിരുന്നു കൊണ്ട്.