“… എടി അവർ നമ്മളെ ആണോ വിളിക്കുന്നെ…”
ദൂരെ ഉണ്ടായിരുന്ന ഒരു ടേബിളിൽ നിന്നും ഒരു പെൺകുട്ടി കൈ കാട്ടി വിളിക്കുന്നത് നോക്കി അഞ്ജലി ചോദിച്ചു. തനിക്ക് ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. ഒന്നുകൂടി തങ്ങളെ തന്നെയാണോ വിളിച്ചത് എന്ന് ഉറപ്പ് വരുത്തിയ ശേഷം അവർക്ക് അരികിലേക്ക് ചെന്നു.
“… തൻവിക അല്ലെ…” അവരുടെ കൂട്ടത്തിലെ ഒരു പെൺകുട്ടി ചോദിച്ചു.
“… അതെ. എന്നെ എങ്ങനെ അറിയാം…”
“… തന്നെ അറിയാത്ത ആരാ ഇപ്പൊ കോളേജിൽ ഉള്ളെ. ഞങ്ങടെ ഋഷ്യസൃങ്കനെ മയക്കിയ വൈശാലി അല്ലെ താൻ…” ഇവർ എന്താ പറയുന്നത് എന്ന് മനസ്സിലാവാതെ വായും തുറന്ന് നിൽക്കാണ് തൻവികയും അഞ്ജലിയും.
“…ഇവിടെ ഇരിക്ക് ചോദിക്കട്ടെ…” അൽപ്പം നീങ്ങി അഞ്‌ജലിക്കും തൻവികക്കും ഇരിക്കാൻ ഇടം നൽകി അവർ ഇരുന്ന് ടേബിളിന് ചുറ്റും നോക്കി. രണ്ട് ആൺപിള്ളേരും രണ്ട് പെണ്ണ് പിള്ളേരുമാണ് ആ ടേബിളിൽ ഉണ്ടായിരുന്നെ. ഇരുത്തം കണ്ടിട്ട് അതിൽ രണ്ടുപേർ കപ്പിൾസ് ആണെന്ന് തോന്നുന്നു.
“… നിങ്ങൾ ഏത് ക്ലാസ്സിലാ…”
“… BSC zoology…” അഞ്ജലി മറുപടി നൽകി.
“… പേടിക്കയൊന്നും വേണ്ട ഞങ്ങൾ തേജസിന്റെ ഫ്രണ്ട്സ് ആണ്…” അതിന് തൻവിക ഒരു പുഞ്ചിരി നൽകി.ശേഷം അവർ കഴിച്ചു തുടങ്ങി.
“… ഇനി പറയ് എങ്ങന ഞങ്ങടെ ചെക്കനെ വളച്ചത്…” പെട്ടന്നുള്ള ചോദ്യത്തിൽ കഴിച്ചോണ്ടിരുന്ന ചോർ തൻവികയുടെ നെറുകയിൽ കേറി പോയി.
“… അയ്യോ എന്നാ പറ്റി. ദാ വെള്ളം കുടിക്ക്…” അടുത്തിരുന്ന വെള്ളം തൻവികക്ക് നൽകി അവൾ ഒറ്റവലിക്ക് മുഴുവനും അകത്താക്കി.