തേജാത്മികം
Thejathmikam | Author : Nishinoya
ശോ ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ വരുന്ന ബസ്സുകൾ ആണെങ്കിൽ ഫുള്ളും. ആ ചെറുക്കന്റെ ഒടുക്കത്തെ ഫോൺ വിളി കാരണമ താമസിച്ചത്. ഇനി എപ്പോഴാ കോളേജിൽ എത്തുക ദൈവമേ. ഫോണിൽ സമയം നോക്കി അവൾ സ്വയം പഴിച്ചു. ദാ ഒരു സ്കൂട്ടി വരുന്നുണ്ട് കണ്ടിട്ട് കോളേജിലേക്ക് ആണെന്ന് തോന്നുന്നു ഒരു ലിഫ്റ്റ് ചോദിച്ചു നോക്കാം. കൈ കാണിച്ചത് സ്കൂട്ടിക്ക് ആണെങ്കിലും നിർത്തിയത് പിന്നാലെ വന്ന ബുള്ളറ്റ് ആണ്. എന്ത് ചെയ്യണം എന്ന് ഒരു നിമിഷം പകച്ചു പോയി. മാർഗത്തേക്കാൾ ലക്ഷ്യം ആണല്ലോ പ്രധാനം.
“… ചേട്ടൻ കോളേജ് വഴിയാണെങ്കിൽ അവിടെ വരെ എനിക്കൊരു ലിഫ്റ്റ് തരാവോ…” രണ്ടും കൽപ്പിച്ച് അങ്ങ് ചോദിച്ചു. പുള്ളി കൈകൊണ്ട് കയറാൻ ആഗ്യം കാണിച്ചു. പിന്നെ ഒന്നും നോക്കിയില്ല വണ്ടിയിൽ ചാടി കേറി.
“… ചേട്ടന്റെ പേരെന്താ… ചേട്ടൻ പഠിക്കാണോ…” എന്തൊക്കെ ചോദിച്ചിട്ടും പുള്ളി ഒരക്ഷരം മിണ്ടിയില്ല. ചിലപ്പോ ഹെൽമെറ്റ് വെച്ചേക്കുന്നത് കൊണ്ടാവും
“… ഇവിടെ മതി ചേട്ട. എന്നെ ഇവിടെ ആക്കിയാൽ മതി…” കോളേജിന് മുന്നിൽ നിർത്താൻ പറഞ്ഞപ്പോ ബൈക്ക് പോയി നിന്നത് കോളേജിന് അകത്തായിരുന്നു. താങ്ക്സ് പറയും മുമ്പ് പുള്ളി വണ്ടിയും ആയി കോളേജ് പാർക്കിങ്ങിലേക്ക് പോയി.
ഓ ഇവിടെ പഠിക്കുന്നയാൾ ആണോ എന്നാ ജാടയാ. ഇതെന്താ എല്ലാരും എന്നെ നോക്കി നിക്കുന്നെ. ബൈക്കിൽ നിന്നും കണ്ണെടുത്ത് ചുറ്റിനും നോക്കിയപ്പോ കോളേജിലെ ഒട്ടുമിക്ക പേരും എന്നെ തന്നെ നോക്കി നിൽക്കാണ്. ഇതെന്താ ഇവരാരും പെൺപിള്ളേരെ കണ്ടിട്ടില്ലേ പിറു പിറുത്തോണ്ട് ഞാൻ ക്ലാസ്സ് മുറിയിലേക്ക് പോയി.