റേഡിയോ സ്റ്റുഡിയോയിലെ വലിയ ചില്ലുജാലകത്തിനപ്പുറം ഇരുട്ടുനിറഞ്ഞ നഗരമായിരുന്നു.
നതാഷ തന്റെ കസേരയിൽ ഇരിക്കുമ്പോഴും അവളുടെ കാതുകൾ പുറത്തെ റോഡിലായിരുന്നു.
ഹിമാലയൻ ബൈക്കിന്റെ ആ ഗർജ്ജനം കേൾക്കാൻ അവൾ വല്ലാതെ കൊതിച്ചു.
ആ ശബ്ദം കേൾക്കാതെ അവൾക്ക് ഒരുതരം അസ്വാഭാവികമായ വിറയൽ അനുഭവപ്പെട്ടു.
അവളുടെ വിരലുകൾ മേശപ്പുറത്ത് അസ്വസ്ഥമായി താളമിട്ടു.
റേഡിയോയിലെ ഹെഡ്‌സെറ്റിലൂടെ കേൾക്കുന്ന സംഗീതത്തേക്കാൾ അവളുടെ ശ്രദ്ധ ജനലിന് താഴെ പാർക്കിംഗ് ഏരിയയിൽ എവിടെയെങ്കിലും ആ കറുത്ത നിഴൽ തെളിയുന്നുണ്ടോ എന്നതിലായിരുന്നു.
സാം എന്താണ് വരാത്തത്?!!
അവൻ തന്നെ ഒഴിവാക്കുകയാണോ?!!
അതോ മാത്യുവിനെപ്പറ്റി അവൻ എന്തെങ്കിലും അറിഞ്ഞോ?
അപ്പോഴാണ് ഒരു ഫോൺ കോൾ വരുന്നത്. സാധാരണ നിസ്സാരമായി കൈകാര്യം ചെയ്യാറുള്ള പേഷ്യന്റുകളുടെ സങ്കടങ്ങൾ ഇന്ന് അവൾക്ക് ഒരു വലിയ ഭാരമായി തോന്നി.
വിളിച്ചയാൾ: “ഡോക്ടർ… എന്റെ പ്രണയത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കയുണ്ട്. അയാൾ എന്നെ വഞ്ചിക്കുമോ എന്ന് എനിക്ക് പേടിയാണ്…!!!”
നതാഷയുടെ മനസ്സ് എവിടെയോ ആയിരുന്നു.
അവൾക്ക് കോൺസെൻട്രേഷൻ കിട്ടുന്നില്ല.
അവൾ പതർച്ചയോടെ മറുപടി പറഞ്ഞു: “അത്… പ്രണയം അങ്ങനെയാണ്. നിങ്ങൾ… നിങ്ങൾ കുറച്ചു കൂടി കാത്തിരിക്കണം.!!”
അവളുടെ ശബ്ദത്തിലെ വിറയലും ടെൻഷനും കേൾക്കുന്നവർക്ക് വ്യക്തമായിരുന്നു.
ആശ്വാസം തേടി വിളിച്ചവർക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാതെ നതാഷ വല്ലാതെ വിയർത്തു.
ഇടയ്ക്കിടെ അവൾ തന്റെ ഫോൺ എടുത്തു നോക്കി.