സുജിത്ത് ബാംഗ്ലൂരിൽ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു എന്നല്ലാതെ കൂടുതൽ ഒന്നും അവർക്ക് ഇതുവരെ അറിവില്ലായിരുന്നു. കഴിഞ്ഞ നാലഞ്ച് വർഷത്തിനിടെ ഒരിക്കൽ പോലും അവൻ അവരെ അങ്ങോട്ട് വിളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ അവധിക്ക് വേണ്ടി മാത്രം സുജിത്തിൻ്റെ അഛൻ മോഹനൻ അമ്പലത്തിൽ അവധി പറഞ്ഞ് പകരം ആളെ ഏർപ്പാടാക്കിയിരുന്നു.
സൗമ്യ കോളേജിൽ സിക്ക് ലീവും കൊടുത്തിരുന്നു. സുജിത്തിൻ്റെ അഛൻ മോഹനൻ നമ്പൂതിരിയും അമ്മ സാവിത്രിയും ഹാപ്പി വില്ലയും കാറും ഓഫീസും കണ്ട് വാ പൊളിച്ചു. അവൻ്റെ അനിയത്തി സൗമ്യ വില്ലയുടെ കോമ്പൗണ്ട് സൗന്ദര്യത്തിലായിരുന്നു മയങ്ങിയത്. ഏതാണ്ട് പത്ത് ദിവസത്തോളം ഊരു തെണ്ടലും, ഭക്ഷണം കഴിക്കലും, കാഴ്ച കാണലുമൊക്കെയായി അവർ അടിച്ചുപൊളിച്ചു.
അവർ തിരിച്ചുപോയി. സുജിത്തിൻ്റെ ഇവിടത്തെ വിശേഷങ്ങൾ നാട്ടിൽ പരത്താൻ ഒന്നോ രണ്ടോ ആഴ്ച കൊടുത്ത ശേഷം ടോണിയുമായി സുജിത്ത് നാട്ടിലേക്ക് പോയി. അവർ കണക്ക് കൂട്ടിയതുപോലെ സുജിത്തിൻ്റെ സക്സസ് സ്റ്റോറി പൊടിപ്പും തൊങ്ങലും ചേർത്ത് നാട്ടിൽ പരന്നിരുന്നു . അല്ലെങ്കിലും സ്വന്തം ആളുകളെ പറ്റി പൊക്കിപ്പറയാൻ വീട്ടുകാർ കഴിഞ്ഞല്ലേ വേറെ ആളുള്ളൂ.
ചെന്ന് കയറി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോൾ സുജിത്ത് മീരയുടെ കാര്യം അവതരിപ്പിച്ചു. മുൻപായിരുന്നെങ്കിൽ “അതൊന്നും നമ്മുടെ കൊക്കിൽ ഒതുങ്ങില്ല മോനെ,” എന്നോ മറ്റോ ആവും അവൻ്റെ അഛൻ്റെ അഭിപ്രായം.
അവൻ്റെ അമ്മ ഏറിയാൽ, “എൻ്റെ കുഞ്ഞിന് അതൊന്നും വിധിച്ചിട്ടില്ല,” എന്ന് പറഞ്ഞ് പൊട്ടിക്കരയുമായിരിക്കും. അവൻ്റെ അനിയത്തി ഒരു പക്ഷേ അവൻ്റെ കളിയാക്കി ചിരിക്കുമായിരിക്കും. എന്നാല് അവർ ഇപ്പൊ പഴയ അർദ്ധപട്ടിണിക്കാരല്ല, ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ മുതലാളിയുടെ വീട്ടുകാർ ആണ്. “നമുക്ക് അവർ മതിയോ.