“ശരിയാണ്. പക്ഷേ പക്ഷേ പണം മുടക്കിയത് നീയല്ല… നമ്മുടെ ഇൻവെസ്റ്റർ ആണല്ലോ… നിനക്കുള്ളത് ഷെയറാണ്… കോടികളുടെ ഷെയർ… അതങ്ങേർ വിശ്വസിക്കും..”
“ഇൻവെസ്റ്ററോ ഏത് ഇൻവെസ്റ്റർ?” സുജിത്ത് സംശയിച്ചു.
“എടാ ഏതെങ്കിലും ഒരു നാടകക്കാരനെ പിടിച്ചു ടൈം കോട്ടും ധരിപ്പിച്ച് കൊണ്ടുവരാൻ ആണോ പ്രയാസം. ഇനി ഒന്നും നടന്നില്ലെങ്കിൽ എനിക്കും ചില ഫോറിൻ കോൺടാക്ട് കൂട്ടിക്കോ. അവിടന്ന് ഒരു വീഡിയോ കോൾ പോരെ? കൂടെ വാടകയ്ക്കെടുത്ത ഒരു ഫോറിൻ കാറും, പണി നടക്കുന്ന ഏതെങ്കിലും ബിൽഡിംഗിൽ ചൂണ്ടിക്കാണിക്കാൻ പറ്റിയ ഒരു ഓഫീസ് സ്പേസും കൂടി ആയാൽ പിന്നെ അവളുടെ തന്തയല്ല തന്തയുടെ തന്ത വരെ വീഴും.”
അത് കേട്ടതോടെ സുജിത്തിൻ്റെ മുഖം തെളിഞ്ഞു. കൂടെ ബാക്കി ഉള്ളവരുടെയും.
“താങ്ക്സ് എല്ലാവരോടും…..” സുജിത്തിൻ്റെ കണ്ണ് നിറഞ്ഞു.
പിന്നെ കാര്യങ്ങള് പട പട എന്ന് നടന്നു. രണ്ട് ദിവസത്തിനുള്ളിൽ ഹാപ്പി വില്ലയിൽ പെയിൻ്റിംഗ് തുടങ്ങി. രണ്ടാഴ്ച കൊണ്ട് വില്ല പുതുപുത്തനായി. മറ്റുള്ളവരുടെ അത്യാവശ്യത്തിനുള്ള സാധനങ്ങൾഒഴികെ ബാക്കി എല്ലാം പൊതിഞ്ഞുകെട്ടി മുകളിലെ സ്റ്റോർ മുറിയിലേക്ക് മാറ്റി.
എല്ലാം റെഡിയായപ്പോൾ ടോണി ബാക്കി എല്ലാവരെയും നാട്ടിലേക്ക് അയച്ച ശേഷം ഡ്രൈവർ വേഷം കെട്ടി അടുക്കളയോട് ചേർന്നുള്ള മുറിയിലേക്ക് മാറി. അതിന് രണ്ടുമൂന്ന് കാരണങ്ങൾ ഉണ്ടായിരുന്നു, എല്ലാം പ്ലാൻ പടി പോകണമെങ്കിൽ സുജിത്തിനെ കൊണ്ട് ഒറ്റയ്ക്ക് പറ്റില്ല എന്ന് ടോണിക്ക് അറിയാമായിരുന്നു.
പിന്നെ ഒരു ഡ്രൈവർ കൂടി ഉണ്ടെങ്കിൽ സുജിത്തിന് കുറച്ചുകൂടി ഗമ കിട്ടുമെന്ന് ടോണി കണക്കുകൂട്ടി. ആദ്യം സുജിത്തിന് ടോണിയെ ഡ്രൈവർ വേഷം കെട്ടിച്ചതിൽ വല്ലായ്മ തോന്നിയെങ്കിലും ഒടുവിൽ ടോണി കൂടെയുള്ളത് അവനൊരശ്വാസം തോന്നി. എല്ലാം പ്ലാൻ പ്രകാരം നടന്നു.