“അപ്പോ രജിസ്റ്റർ മാര്യേജ് നടക്കില്ല,” ഹരി പറഞ്ഞു.
പെട്ടെന്ന് അവിടമാകെ മൗനമായി. അല്പനേരത്തെ മൗനത്തിന് ശേഷം അത്രനേരമാകെ ആലോചനയിലായിരുന്ന ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു, “എടാ സുജീ… ബാംഗ്ലൂരിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി സ്വന്തമായി നടത്തുന്ന, ഒരു രണ്ടുനില വീട് സ്വന്തമായിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് മീരയുടെ തന്തപ്പടി മോളെ കെട്ടിച്ചു കൊടുക്കില്ലേ?!”
ആർക്കും ഒന്നും മനസ്സിലായില്ല. സുജിത്ത് ആകെ അന്തിച്ചുപോയിരുന്നു. “കൊള്ളാം അവളെ വല്ലവർക്കും കെട്ടിച്ചുകൊടുക്കാനാണോ നമ്മൾ വട്ടം കൂടി ഇരിക്കുന്നത്,” സിദ്ധാർത്ഥ് ടോണിയെ നോക്കി. കൂടെ മറ്റുള്ളവരും.
“എടാ പൊട്ടാ വല്ലവർക്കുമല്ല, ഞാൻ പറഞ്ഞ ആ സോഫ്റ്റ് വെയർ എഞ്ചിനീയർ നമ്മുടെ സുജി തന്നെ. തൽക്കാലത്തേക്ക് നമ്മുടെ കമ്പനിയും ഹാപ്പി വില്ലയും ഒക്കെ അവൻ്റെയാണ് .. അവൻ്റെയാണ് എന്ന് നമ്മൾ മീരയുടെ വീട്ടുകാരെ വിശ്വസിപിക്കുന്നു. മനസ്സിലായോ?”
“എടാ ഈ ഡിഗ്രി പോലും ഇല്ലാത്ത ഞാനോ?” സുജിത്ത് ചോദിച്ചു.
“അതിന് ബ്രോക്ക് ഡിഗ്രി ഇല്ല എന്ന് അങ്ങേർക്ക് അറിയാമോ?” വിക്കി ചോദിച്ചു.
“എവിടുന്ന്? അങ്ങേർക്ക് പോയിട്ട് ഇവൻ്റെ വീട്ടുകാർക്ക് പോലുമറിയില്ല,” ടോണി പറഞ്ഞു.
“അപ്പോ പിന്നെ പറഞ്ഞപോലെ.. അവരുടെയെല്ലാം മുന്നിൽ സുജിത്താണ് നമ്മുടെ സി ഇ ഒ.” ഫൈസൽ പറഞ്ഞു.
“പക്ഷേ.. എടാ.. അങ്ങേർക്ക് എൻ്റെ വീട്ടിലെ കാര്യമൊക്കെ നന്നായി അറിയുന്നതല്ലേ? ഞാൻ നമ്മുടെ കമ്പനിയുടെ മുതലാളി എന്നൊന്നും പറഞാൽ അയാള് വിശ്വസിക്കില്ല,” സുജിത്ത് മറ്റൊരു പോയിൻ്റ് പറഞ്ഞു.