“നന്നായി… എൻ്റെ വീട്ടിലെ അവസ്ഥ വെച്ച് ചെന്ന് ചോദിച്ചാൽ ഉടനെ പെണ്ണ് തരും. ബന്ധു ആണെന്നെ ഉള്ളൂ എടാ അവളുടെ അച്ചന് കാശിനോടുള്ള ആർത്തി കഴിഞ്ഞേ എന്തും ഉള്ളൂ.
സർക്കാർ ജോലിക്കാരുടെ ആലോചന വരെ പി എസ് സി സൈറ്റ് നോക്കി ശമ്പളം പോര എന്ന് കണ്ടുപിടിച്ച് ഉപേക്ഷിക്കുന്ന ആളോടാണ് ചിതലെടുത്ത തറവാടിൻ്റെ കുടുംബക്ഷേത്രത്തിലെ ശാന്തിപ്പണിവെച്ച് കുടുംബം നോക്കുന്ന അഛൻ്റെ ഡിഗ്രി പോലും പാസ് ആവാത്ത മകൻ പെണ്ണ് ചോദിക്കുന്നത്. എന്നോടുള്ള പുച്ഛം അയാളുടെ ഓരോ നോട്ടത്തിലും സംസാരത്തിലും വ്യക്തമാണ്. ”
അതുകേട്ട് ടോണിയെ നോക്കിയ മറ്റുള്ളവരോട് ടോണി സുജിത്ത് പറഞ്ഞത് ശരിയാണ് എന്ന് അർത്ഥത്തിൽ തലകുലുക്കി.
“എന്നാല് പിന്നെ ബ്രോ അവളെ ആരും അറിയാതെ വിളിച്ചിറക്കി രജിസ്റ്റർ മാര്യേജ് ചെയ്യ്,” വിക്കി പറഞ്ഞു.
“അതെ അവൾക്ക് നിങ്ങളെ ഇഷ്ടമാണല്ലോ, അപ്പോ നീ അവളെ വിളിച്ചിറക്ക്, ബാക്കി നമുക്ക് അപ്പൊ നോക്കാം” സിദ്ധു ശരിവെച്ചു.
“എടാ.. അത് നടക്കില്ല…. അവൾ അവൾ അവളുടെ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. ”
“അവരുടെ വേദന ഒക്കെ കുറച്ചുകഴിയുമ്പോൾ മാറും..” ഹരി പറഞ്ഞു.
“അതല്ലടാ… അവൾക്ക് താഴെ ഒരു അനിയത്തി ആണ്. അവൾ ഒളിച്ചോടിയാൽ അനിയത്തിയുടെ ഭാവിയെ കൂടി അത് ബാധിക്കും. അങ്ങനെ വല്ലതും സംഭവിച്ചാൽ അവളുടെ അഛനും അമ്മയും .. പിന്നെ ടോണി നിനക്കറിയാമല്ലോ.. എനിക്കും താഴെ അനിയത്തി ആണ്… എൻ്റെ വീട്ടിലെ അവസ്ഥ വെച്ച്…”
“ശരിയാണ്,” ടോണി പറഞ്ഞു,” അവളുടെ വീട്ടുകാർ ഒരുപക്ഷേ താങ്ങിയാലും, അങ്ങനെ വല്ലതും ഉണ്ടായാൽ ഇവൻ്റെ വീട്ടുകാർ താങ്ങില്ല. ഇവൻ്റെ വീട്ടിൽ ഇവനെ ആവശ്യമാണ് താനും…”