അതുകൊണ്ടുതന്നെ മറ്റുള്ളവരെക്കാൾ നന്നായി ടോണിക്ക് സുജിത്തിനെ അറിയാമായിരുന്നു. പച്ചക്ക് പറയാൻ മടിയുള്ള അവൻ്റെ വിഷമങ്ങളും പരിഭവങ്ങളും സന്തോഷങ്ങളുമെല്ലാം രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ അവൻ പങ്കുവെക്കും. കോളേജിൽ പഠിക്കുമ്പോൾ ഇതുപോലെ ഒരു വെള്ളമടിയ്ക്കിടയിൽ വെച്ചാണ് മീരയുടെ കാര്യം അവൻ ആദ്യമായി ആരോടെങ്കിലും പറയുന്നത്, ടോണിയോട്.
അന്നുമുതൽ ടോണി അവരുടെ ബന്ധത്തിൻ്റെ ശീത താപങ്ങൾ അടുത്തറിഞ്ഞിട്ടുണ്ട്. പലപ്പോഴും അവരുടെ ഇടയിലെ കൊച്ചു കൊച്ചു വഴക്കുകൾ തീർക്കാൻ മുമ്പിൽ നിന്നോ പിന്നിൽ നിന്നോ ഇടപെട്ടിട്ടുണ്ട്. അങ്ങനെ പിണക്കമുള്ളനാളുകളിൽ ഇങ്ങനെ ഒരു മൂഡ് ഓഫ് അവന് പതിവുള്ളതാണ്.
അപ്പോഴൊക്കെ ടോണി അവനെ പൊക്കിയെടുത്ത് ഇതുപോലെ വല്ല പബ്ബിലും കൊണ്ടുവന്ന് രണ്ടെണ്ണം അടിച്ച് കുറച്ചുനേരം ഡാൻസൊക്കെ ചെയ്ത് ഉഷാറാക്കും. പക്ഷേ അന്നൊന്നും അവൻ ഇങ്ങനെ “മീരയെ നഷ്ടപ്പെടും,” എന്നൊന്നും പറഞ്ഞ് ഇത്രയും കരഞ്ഞിട്ടില്ല.
“ഹരിക്കുണ്ടായത്തുപോലെ അവൾ എന്നെ തേച്ചിരുന്നെങ്കിൽ പോലും എനിക്ക് ഇത്രയും വിഷമമുണ്ടാകില്ല,” സുജിത്ത് തുടർന്നു, ” എന്നാല് അവൾക്ക് എന്നെയും എനിക്ക് അവളെയും ഇഷ്ടമുണ്ട് എന്നറിയുമ്പോൾ തന്നെ അവളെ നഷ്ടമാകുന്നത്…” അവന് മുഴുമിപ്പിക്കാനായില്ല.
“എന്താടാ ഈ പറയുന്നത്?” ഹരി അവൻ്റെ കൈ പിടിച്ചു.
“നിങ്ങൾക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിങ്ങള് ഒന്നിച്ചിരിക്കും, നീ കാര്യം പറ” ടോണി ആവർത്തിച്ചു.
“അവൾക്ക്.. അവൾക്ക് കല്യാണാലോചനകൾ തുടങ്ങിയിരിക്കുന്നു. ”
“ഓ ഇത്രേ ഉള്ളോ?ഇതിനാണോ? നിങ്ങള് പോയി വീട്ടുകാരെ കൂട്ടി പെണ്ണ് ചോദിക്ക്” സിദ്ധു കൂളായി പറഞ്ഞു.