പത്തോ പതിനഞ്ചോ മിനിറ്റ് നേരം അവർ നൃത്തം ചെയ്തു കാണണം ഏതായാലും അതവസാനിച്ചത് മീരയെ സുജിത്ത് ചുണ്ടോടു ചുണ്ട് ചേർത്ത് അമർത്തി ചുംബിച്ചുകൊണ്ടായിരുന്നു.
പബ്ബിൽ നിന്ന് തിരിച്ചെത്തിയപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നതുകൊണ്ട് കൂടുതൽ സംഭാഷണങ്ങൾക്ക് നിൽക്കാതെ എല്ലാവരും തങ്ങളുടെ മുറികളിലേക്ക് പോയി. വസ്ത്രം മാറി. നേരത്തെ പോലെ സുജിത്ത് ബാത്റൂമിൽ നിന്ന് വരുമ്പോഴേക്കും മീര കിടക്കുകയായിരുന്നു. അടുത്ത് വന്നു കിടന്ന ശേഷം സുജിത്ത് മീരയോട് ചോദിച്ചു, “എങ്ങിനെ ഉണ്ടായിരുന്നേടോ ഇവിടത്തെ ആദ്യ ദിവസം?”
“കുഴപ്പമൊന്നുമില്ല, നന്നായിരുന്നു,” അവൾ മറുപടി പറഞ്ഞു.
“എൻ്റെ കൂട്ടുകാർ അലമ്പൊന്നും ആക്കിയില്ലല്ലോ.”
“ഹേയ് ഇല്ല,” അവൾ പറഞ്ഞു.
“അല്ല ഇനി ഇവന്മാരെ ഒക്കെ സ്ഥിരം സഹിക്കേണ്ടതാ.. അറിയാമല്ലോ… താനും ഇവരും തമ്മിൽ ഒത്തുപോയില്ലെങ്കിൽ നമുക്ക് ബുദ്ധിമുട്ടാണ്.. അതാ..”
“അറിയാം,”.
“എല്ലാവരും പാവങ്ങളാ… നല്ല സ്നേഹമുള്ളവരും,” അവൻ തിരിഞ്ഞു കിടന്നു.
“ഉം..” മീര മൂളി.
“സിദ്ദുവിൻ്റെയും വിക്കിയുടെയും ഇന്നത്തെ തമാശകൾ.. ഹൊ ഞാൻ ചിരിച്ചു മരിച്ചു..”
“ഉം..”
“പിന്നെ നമ്മൾ ഇവിടെ താമസിക്കാം എന്ന് ഉറപ്പിച്ചപ്പോൾ ഹരിക്കായിരുന്നു ഏറ്റവും സന്തോഷം..”
“ഉം..” അവളും തിരിഞ്ഞു കിടന്നു.
“ടോണിയെ പിന്നെ നിനക്ക് അറിയാമല്ലോ”
“ഉം”
“ഫൈസൽ മിണ്ടാത്തത് ദേഷ്യം കൊണ്ടൊന്നുമല്ല കേട്ടോ. നിന്നെ വലിയ പരിചയമില്ലല്ലോ.. അവന് എന്നോട് വലിയ കാര്യമാണ്…”
സുജിത്ത് പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷേ മീരയുടെ മൂളൽ ഇടയ്ക്കെപ്പോഴോ നിലച്ചിരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ അവളുടെ കൂർക്കം വലി ചെറുതായി മുഴങ്ങി. “പാവം ക്ഷീണം.കാണും,” മനസ്സിലോർത്തുകൊണ്ട് സുജിത്തും സംസാരം നിർത്തി കണ്ണടച്ചു. ഏറെ താമസിയാതെ ഉറക്കം അവനെയും പുൽകി.