തമിഴ്നാട്ടിൽ ഒരു കോളേജിൽ പഠിച്ചിറങ്ങിയവർ. ടോണിയും സുജിത്തും ക്ലാസ്മെയ്റ്റ്സ് ആയിരുന്നുവെങ്കിൽ, ഫൈസലും ഹരിയും ബാച്ച് മെയ്റ്റ്സായിരുന്നു. വിക്കിയും സിദ്ദുവും ജൂനിയർ ബാച്ചിൽ നിന്ന് പിന്നീട് കൂടെ കൂടിയതാണ്. വല്ലവർക്കും കാശുണ്ടാക്കാൻ വേണ്ടി പണി എടുക്കുന്നതിനുപകരം ബാംഗ്ലൂർ നഗരത്തിൽ ഒരു സ്റ്റാർട്ടപ്പ് നടത്തിക്കൊണ്ടു പോകുന്നവരാണവർ.
സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ അങ്ങനെ വലിയൊരു സെറ്റപ്പ് ഒന്നുമല്ല കേട്ടോ. ഇവർ ആറുപേർ രണ്ടുനിലയുള്ള ഒരു വീട് അതിലാണ് കമ്പനി നടത്തുന്നത്. അത് വീടിൻ്റെ പേരാണ് ഹാപ്പി വില്ല. അല്ല, ഈ കാലത്ത് ഒരു കൊച്ചു സോഫ്റ്റ് വെയർ കമ്പനി നടക്കാൻ കുറച്ച് ലാപ്ടോപ്പും, നല്ലൊരു ഇൻ്റർനെറ്റ് കണക്ഷനും, കൊള്ളാവുന്ന ഒരു ക്ലൗഡ് സബ്സ്ക്രിപ്ഷനും , പണിയെടുക്കാൻ കഴിവുള്ള നാലഞ്ച് തലകളും മതിയല്ലോ.
എവിടെ ഇരുന്ന് വേണേൽ പണിയെടുക്കാം.
പിന്നെയും ഒരു വീട് എന്തിനാണ് എന്ന് വെച്ചാൽ പ്രധാനമായും വിദേശത്ത് സെറ്റിലായ ടോണിയുടെ പപ്പയും മമ്മയും ബാംഗ്ലൂർ ഒരു ഇൻവെസ്റ്റ് മെൻ്റ് എന്ന നിലയിൽ വാങ്ങിയിട്ട വീട് ടോണി തൻ്റെ കമ്പനിയുടെ ഓഫീസാക്കി എന്നതാണ് സത്യം. ചെക്കന് വല്ല നാട്ടിലും പോയി പണിയെടുത്ത് കഷ്ടപ്പെടാതെ നാട്ടിൽ തന്നെ എന്തെങ്കിലും ഉണ്ടാകാനായിരുന്നു താൽപര്യം.
അവൻ എത്ര നിർബന്ധിച്ചാലും കൂടെ വരില്ല എന്നറിയാവുന്നതുകൊണ്ട് അവനെ ഉപേക്ഷിച്ച് പോകുന്നതിൻ്റെ കുറ്റബോധം മറയ്ക്കാൻ ഹാപ്പി വില്ലയും സ്ഥലവും അവൻ്റെ പേർക്ക് എഴുതിവെച്ചു.