നാല് മുറികളുള്ള ആ വീട്ടിൽ കല്യാണത്തിന് മുൻപ് മുകളിലെ മുറികളിൽ കിടന്നിരുന്നത് ഒരു മുറിയിൽ ടോണിയും മറ്റൊന്നിൽ ഫൈസലുമായിരുന്നു. മുകളിലെ മീറ്റിംഗ് റൂമിനോട് ചേർന്നുള്ള മുറിയിൽ ടോണിയും അതിന് എതിർ വശത്ത് ഫൈസലും. താഴെ ഉള്ള വലിയ മുറി വിക്കിയും സിദ്ദുവും ഹരിയും പങ്കിട്ടു. കിച്ചനോട് ചേർന്നുള്ള റൂമായിരുന്നു സുജിത്തിൻ്റെ സാമ്രാജ്യം. മീര കൂടിവരുന്നതുകൊണ്ട് അവർക്കായി ഒരു ഡബിൾ കോട്ട് കട്ടിലും, ഒരു പുതിയ ഡ്രസിങ് ടേബിളും, അലമാരയും കൂട്ടുകാർ ഒരുക്കിയിരുന്നു. അതും പോരാഞ്ഞിട്ട് ഒരു പുതിയ ബെഡ് ടേബിളും,
ലാമ്പും ഒരുക്കിയിരുന്നു. ബാത്ത് റൂമിൽ പുതിയ വാട്ടർ ഹീറ്ററും ഷവരും കൂടി കണ്ടതോടെ സുജിത്തിന് തൻ്റെ കൂട്ടുകാർ തന്നോടും ഭാര്യയോടും കാണിക്കുന്ന കരുതലോർത്ത് മനം നിറഞ്ഞു. സുജിത്ത് കുളിച്ച് വേഷം മാറി വരുമ്പോഴേക്കും നേരത്തെ കുളിച്ച് വന്ന മീര ബെഡിൽ ഒരറ്റത്ത് പുതച്ച് മൂടി സീലിങ് നോക്കി മലർന്നു കിടക്കുകയായിരുന്നു.
“നീ ഇനിയും ഉറങ്ങിയില്ലേ? കണ്ടോ എൻ്റെ കൂട്ടുകാർ നമുക്കായി ഒരുക്കിയ സൗകര്യങ്ങൾ,” ബെഡിൽ അവൾക്കരികിലായി വന്നിരുന്നുകൊണ്ട് സുജിത്ത് പറഞ്ഞു.
മീര അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
“സത്യത്തിൽ നമ്മുടെ ഈ ജീവിതത്തിന് നമ്മൾ അവരോട് കടപ്പെട്ടിരിക്കുന്നു,” അവൻ കിടക്കയിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു.
“അതെ, സുജിത്തേട്ടാ” മീര അവനെ നോക്കി കൊണ്ട് പറഞ്ഞു.
“സത്യമായും. ഇതൊന്നും ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. വേറെ ആര് ചെയ്യും ഇതൊക്കെ. ഈ കടപ്പാടൊക്കെ ഞാൻ എങ്ങനെ വീട്ടും,” സുജിത്തിൻ്റെ തൊണ്ട ഇടറി.