ഒരു പുഞ്ചിരിയോടെ രണ്ടുപേരെയും സ്വീകരിച്ച ടോണി കാറിൻ്റെ ചാവി സുജിത്തിന് നൽകിക്കൊണ്ട് മുൻസീറ്റിൽ കയറി. മീര പുറകിലും. അവരോട് പൊതുവിലുള്ള കല്യാണ വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ ടോണി യാത്രയിൽ മുഴുവൻ സുജിത്തിനോട് സംസാരിച്ചത് കല്യാണത്തിരക്ക് കാരണം മാറ്റിവെച്ച കാണാനുള്ള ക്ലയൻ്റ്കളെ പറ്റിയും,
പെൻ്റിംഗ് ഉള്ള ജോലികളെ പറ്റിയും ആയിരുന്നു. എങ്കിലും ഇടയ്ക്ക് തിരിഞ്ഞുനോക്കി മീര തീർത്തും അവഗണിക്കപ്പെടുന്നില്ല എന്ന് ടോണി ഉറപ്പാക്കി. സിറ്റി തിരക്കുകൾ പിന്നിട്ട് ഔട്ട് സ്‌കർട്ടിൽ ഏറെക്കുറെ തിരക്ക് തീരെ കുറഞ്ഞ ഒരു കോണിലുള്ള അവരുടെ ഹാപ്പി വില്ലയുടെ മുറ്റത്തേക്ക് കാർ ഇരമ്പിയിറങ്ങി.
മുറ്റത്ത് തന്നെ വിക്കിയും സിദ്ദുവും അവളെ സ്വീകരിക്കാൻ ഒരു നിലവിളക്കും താലവുമായി നിൽപ്പുണ്ടായിരുന്നു. “ഇവിടെ സ്ത്രീകൾ ആരും ഇല്ലാത്തതുകൊണ്ട് ഭാഭി തൽക്കാലം ഞങ്ങളെ വെച്ച് അഡ്ജസ്റ്റ് ചെയ്യണം,” താലം കാണിച്ച് രണ്ടുപേർക്കും കുറി ഇടുമ്പോൾ സിദ്ദു പറഞ്ഞു. അവരുടെ ഈ കരുതലിൽ സന്തോഷം തോന്നിയെങ്കിലും, വിക്കി നിലവിളക്ക് കൈമാറുമ്പോൾ ചിരി പൊട്ടാതിരിക്കാൻ അവൾ പാടുപെടുകയായിരുന്നു.
അകത്ത് കയറി ബാഗെല്ലാം ഒരു മൂലയിൽ ഒതുക്കി വെച്ച ശേഷം അവൾ സിദ്ധുവിനെയും, വിക്കിയെയും, ചായ കൊണ്ടുവന്നു കൊടുത്ത ഹരിയെയും, ഫൈസലിനെയും ഒന്നുകൂടി പരിചയപ്പെട്ടു. കല്യാണത്തിനിടയ്ക്ക് പരിചയപ്പെട്ടതല്ലാതെ അവർ നാലുപേരെയും അവൾക്ക് മുൻപരിചയമില്ലായിരുന്നു. ടോണിയെ മാത്രമാണ് അവൾക്ക് പരിചയമുണ്ടായിരുന്നുള്ളൂ. പരിചയപ്പെടുത്തലുകൾ കഴിഞ്ഞപ്പോൾ അവൾക്ക് മുറി കാണിച്ചുകൊടുത്തത് ഫൈസലാണ്.