അതുകൊണ്ടുതന്നെ അവൻ തന്നെക്കൊണ്ടാവും വിധമെല്ലാം അവർക്ക് ഒരു ബാധ്യത ആവാതിരിക്കാൻ കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ടി ശ്രമിച്ചു. അതുകൊണ്ടുതന്നെ ഒഫീഷ്യൽ ടൈറ്റിൽ ലോജിസ്റ്റിക് മാനേജർ എന്നായിരുന്നെങ്കിലും പ്രോഡക്റ്റ് ട്രെയിനിങ്ങും, കസ്റ്റമർ കോൾ എടുക്കുന്നതും മുതൽ പർച്ചേസിംഗും ഡ്രൈവിങ്ങും എന്തിനധികം ഭക്ഷണം ഉണ്ടാക്കാനും ക്ലീനിങ്ങിനും വരുന്ന ചേച്ചിയുടെ സൂപ്പർവിഷൻ വരെ എല്ലാം അവൻ കണ്ടറിഞ്ഞു ചെയ്തു.
അവനെ സംബന്ധിച്ച് അവന് മറ്റൊരു പണി എവിടെയും കിട്ടാനില്ല. അതുകൊണ്ട് അവൻ്റെ രക്ഷ അത് കമ്പനിയുടെ രക്ഷയാണ് എന്ന് അവൻ നേരത്തെ ഉറപ്പിച്ചിരുന്നു. അന്നത്തോടെ അവൻ്റെ ആ തീരുമാനം ഒന്നുകൂടി ദൃഢമായി. സുജിത്തിൻ്റെ മുഖത്തെ പുഞ്ചിരിക്കൊപ്പം എല്ലാവരുടെ മുഖവും തെളിഞ്ഞു. “അപ്പോ പിന്നെ എല്ലാവരും കൈയ്യടിച്ച് പാസാക്കുകയല്ലേ,” ഹരി വിളിച്ചു ചോദിച്ചു. “അതൊക്കെ എപ്പോഴേ പാസ്സായി,” വിക്കി പൊട്ടിച്ചിരിച്ചു.
“അപ്പോ നമ്മുടെ ഹാപ്പി വില്ല ഒരുങ്ങുകയാണ്, നമ്മുടെ സുജിത്തിൻ്റെ മീരയെ വരവേൽക്കാൻ, അങ്ങനെ വീണ്ടും ഒരു വീടായി മാറാൻ” ഫൈസൽ ഉറക്കെ പറഞ്ഞു.
“അല്ല, ഇനി മീരയ്ക്ക് ഇത് സമ്മതമല്ലെങ്കിൽ… ” ഹരി ഒരു നിമിഷം ചിന്തിച്ച ശേഷം ചോദിച്ചു. സുജിത്ത് ഇടയിൽ കേറി, “അവൾ സമ്മതിക്കും… ഒളിച്ചോട്ടമൊഴികെ എന്തും അവൾ സമ്മതിക്കും. കാരണം എന്നെയല്ലാതെ വേറെ ഒരാളെ കെട്ടേണ്ടി വന്നാൽ അവൾക്ക് ഭ്രാന്തുപിടിക്കും. ”
“അങ്ങനെ ഒരു പെണ്ണിനെ കിട്ടിയ നീ ഭാഗ്യം ചെയ്തവനാണ്, ” ഹരി പറഞ്ഞു. “അങ്ങിനെ ഒരു പെണ്ണിനെയും, നിങ്ങളെപ്പോലെ ഉള്ള കൂട്ടുകാരെയും,” സുജിത്ത് തിരുത്തി.