പക്ഷേ എല്ലാവർക്കും, പ്രത്യേകിച്ച് സുജിത്തിന് സമ്മതമാണെങ്കിൽ മാത്രം,” ടോണി പറഞ്ഞു നിർത്തി. വീണ്ടും അവിടമാകെ നിശബ്ദത നിറഞ്ഞു. ഓരോരുത്തരുടെയും നിശ്വാസങ്ങൾ അലയടിച്ചു.
ഒടുവിൽ ഹരി തൊണ്ടയനക്കി, ” കേട്ടിട്ട് വളരെ നല്ലൊരു ഐഡിയയാണ്, നമ്മുടേത് ഒരു കുടുംബമാണ്, സുജി നമ്മുടെ ഒരു സഹോദരനും. സഹോദരനും ഭാര്യക്കും തണലൊരുക്കുക എന്നത് നമ്മുടെ ജോലിയാണ്. പക്ഷേ സുജിത്ത് ആണ് തീരുമാനിക്കേണ്ടത്. കാരണം പുറത്തുനിന്ന് നോക്കുന്നവർക്ക് ചെലപ്പോ മറ്റ് അഞ്ച് ആണുങ്ങൾ താമസിക്കുന്ന വീട്ടിൽ ഒരു കുടുംബമായി എങ്ങനെ….”
ഹരിക്ക് വാചകം മുഴുമിപ്പിക്കാനായില്ല. സുജിത്തിൻ്റെ തേങ്ങൽ അതിനിടയിൽ കയറി. അതെ സുജിത്ത് തേങ്ങുകയായിരുന്നു. ഒരു നിമിഷം എല്ലാവരും അമ്പരന്ന് നിൽക്കെ സുജിത്ത് ടോണിയെ ചെന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. അവൻ കരച്ചിൽ അവസാനിപ്പിച്ച് ചിരിച്ചുകൊണ്ട്, “താങ്ക്സ് എടാ നിങ്ങളൊക്കെ ഞാൻ എങ്ങിനെയാണ് നന്ദി പറയേണ്ടത്,” എന്ന് പറഞ്ഞപ്പോഴാണ് അത് ആനന്ദ കണ്ണീരാണ് എന്ന് അവർക്ക് മനസിലായത്.
അതെ സുജിത്തിൻ്റെ കണ്ണിൽ ഇരുണ്ട് കയറിയ അനിശ്ചിതത്വത്തിൻ്റെ രാത്രിയിലെ പൊൻ വെളിച്ചമായിരുന്നു അവർ മുന്നോട്ട് വെച്ച ഐഡിയ. സത്യം പറഞ്ഞാല് പണ്ടേ ബിസിനസ് കുടുംബത്തിൽ ജനിച്ച ഫൈസലിൻ്റെയായിരുന്നു സ്റ്റാർട്ടപ്പ് ഐഡിയയും ബിസിനസ്സും, ഫണ്ടിംഗ് മൊത്തം ടോണിയുടെ, ആപ്പ് ഡിസൈൻ ചെയ്തത് ഹരി, ഉണ്ടാക്കിയത് വിക്കിയും,
സിദ്ദുവും. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാഞ്ഞിട്ടും ആ ഗ്രൂപ്പിൽ സുജിത്ത് ഉൾപ്പെട്ടത് അവൻ അവരുടെ, പ്രത്യേകിച്ചും ടോണിയുടെ കൂട്ടുകാരൻ ആയതുകൊണ്ട് മാത്രമായിരുന്നു. ആരും അതൊരിക്കലും കാണിച്ചില്ലെങ്കിലും മറ്റാരേക്കാൾ നന്നായി സുജിത്തിന് സ്വയം അത് ബോധ്യം ഉണ്ടായിരുന്നു.