“വേണ്ട… അത് വേണ്ട… അവളെ പിരിഞ്ഞ്….അതുവേണ്ട…. ” സുജിത്ത് പറഞ്ഞു.
“അതെ രണ്ടു യുവ മിഥുനങ്ങളെ വേർപിരിക്കുന്നത് അല്ലെങ്കിലും പാപമാണ്, ” വിക്കി കൂട്ടിച്ചേർത്തു.
“എന്താണ് രണ്ടാമത്തെ ഓപ്ഷൻ?” ഫൈസൽ ചോദിച്ചു.
ഗ്ലാസിൽ ബാക്കിയുള്ള മദ്യം കൂടി ഇറക്കിയ ശേഷം ടോണി സുജിത്തിനെ നോക്കി. പിന്നെ സാവകാശം എഴുന്നേറ്റ് ജനലിനരുകിൽ പോയി പുറത്തെ വിജനതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, ” ഈ ഹാപ്പി വില്ലയിൽ വെച്ചാണ് കൂട്ടുകാരായിരുന്ന നമ്മൾ ഒരു കുടുംബം പോലെയായത്,” ടോണി ഒന്ന് നിർത്തിയ ശേഷം തിരിഞ്ഞ് മറ്റുള്ളവരെ നോക്കിക്കൊണ്ട് തുടർന്നു,
“രണ്ടാമത്തെ ഓപ്ഷൻ ഒരു ഓപ്ഷൻ ആണോ അല്ലയോ എന്ന് പോലും തീരുമാനിക്കേണ്ടത് ഞാനോ നിങ്ങളോ അല്ല, സുജിത്താണ്. പക്ഷേ ഒന്നെനിക്ക് ഉറപ്പാണ്, നമ്മൾ ഉണ്ടാക്കിയ ഈ കുടുംബത്തിന് സുജിത്തും മീരയും വേർപിരിയാതെ അവരെ സഹായിക്കാൻ പറ്റുന്ന ഒരേയൊരു ഓപ്ഷൻ അതാകും.”
“എന്താണ് നീ കാര്യം പറ,” ഫൈസൽ ചോദിച്ചു. ടോണി സുജിത്തിൻ്റെ മുഖത്തേക്ക് നോക്കി. സുജിത്തിൻ്റെ മുഖത്തും മറ്റുള്ളവരെപ്പോലെ ആകാംക്ഷ തളം കെട്ടി.
“സുജിത്തിന് സമ്മതമാണെങ്കിൽ, നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ അവനും മീരയും നമ്മുടെ കൂടെ ഹാപ്പി വില്ലയിൽ തന്നെ താമസിക്കട്ടെ. നമ്മുടെ കുടുംബത്തിലെ ആദ്യത്തെ ദമ്പതികളായി. അഡ്വാൻസിൻ്റെയോ വാടകയുടെയോ തലവേദനയില്ലാതെ, ചെലവുകൾ ഇതുവരെ എങ്ങനെയാണോ നമ്മൾ കമ്പനിയുടെ ഓപ്പറേഷൻസ് കോസ്റ്റിൽ ഉൾപ്പെടുത്തിയത് അതുപോലെ തന്നെ.
മീരയെ ട്രെയിൻ ചെയ്താൽ നമ്മുടെ ഒരു റിസപ്ഷനിസ്റ്റ് അല്ലെങ്കിൽ കോൾ സെൻ്റർ എക്സിക്യൂട്ടീവ് അല്ലെങ്കിൽ അഡ്മിൻ പോലെ വില്ല നടത്തിക്കൊണ്ട് പോവാൻ ആകുകയാണെങ്കിൽ പുറം കാര്യങ്ങൾ മാത്രം സുജിത്തിന് ഫോക്കസ് ചെയ്യാമല്ലോ. അങ്ങനെയാണെങ്കിൽ നമുക്ക് ഒരു ചെറിയ സാലറി മീരയ്ക്കും കണ്ടുപിടിക്കാം.