വാടക ഒരു മുറിയും അടുക്കളയും മാത്രമേ ഉള്ളൂ എങ്കിൽ പോലും ഇരുപതിനായിരം വേണ്ടേ? പിന്നെ ബാക്കി ചെലവോ? ഇവിടുത്തെ ശമ്പളം വെച്ച് ഇരുപതിനായിരം പോയാൽ പിന്നെ ബാക്കി എന്തുണ്ട്? അവൾ ഡിഗ്രിയാണ് , പക്ഷേ ഒരു ബി എ ഇംഗ്ലീഷ് വെച്ച് എന്ത് ജോലി കിട്ടാനാണ് ഇനി എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയാൽ തന്നെ അതിനെന്ത് ശമ്പളം കിട്ടും? ഇനി അത് സിറ്റിയുടെ വേറെ ഒരു അറ്റത്താണ് എങ്കിൽ കിട്ടുന്ന പൈസ യാത്ര ചെയ്യാൻ പോലും ചെലപ്പോ തികയില്ല.
ഇതൊക്കെ അവൾക്ക് ജോലി കിട്ടിയാൽ ഉള്ള കാര്യമാണ്. ഇനി അഥവാ കിട്ടിയില്ലെങ്കിലോ? ഇവർ എങ്ങനെ ജീവിക്കും? കല്യാണം നടത്തുന്ന നമുക്ക് അത് കാര്യത്തിലും ഒരു ഉത്തരവാദിത്വമില്ലേ?” അവിടമാകെ നിശ്ശബ്ദമായി.
“ടോണി… നിങ്ങള് ഇപ്പൊ തന്നെ ഒരുപാട് ചെയ്തു. ഇനിയും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ…” സുജിത്ത് എന്തൊക്കെയോ പറയാൻ ശ്രമിച്ചു.
“ശരി നിൻ്റെ മനസ്സിൽ എന്തെങ്കിലും പ്ലാനുണ്ടോ?” ടോണി സുജിത്തിനോട് ചോദിച്ചു.
സുജിത്തിൻ്റെ തല വീണ്ടും താണു. അവൻ വെട്ടി വിയർത്തു.
“എടാ നിന്നെ വിഷമിപ്പിക്കാൻ അല്ല. നിന്നെയും അവളെയും പറ്റുന്നത്രയും കാലം ഞങൾ സഹായിക്കും. പക്ഷേ ഈ നാട്ടിൽ ഒരു കുടുംബമായി ജീവിക്കുമ്പോൾ അതൊന്നും ഒന്നുമാകില്ല.”
“ശരി ടോണി നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?” ഹരിയാണ് അത് ചോദിച്ചത്
“ഞാൻ ആലോചിച്ചിട്ട് രണ്ടു വഴിയാണ് ഉള്ളത്. ഒന്ന് ഇവൻ അവളെ നാട്ടിൽ തന്നെ നിർത്തി ഒറ്റയ്ക്ക് ഇങ്ങോട്ട് ഇവിടെ നിന്ന് ജോലി ചെയ്യുക. പറ്റുമ്പോൾ നാട്ടിൽ പോവുക. …പക്ഷേ അതിൽ ഒരു കുഴപ്പമുള്ളത് ഇത്രയും വലിയ വീടും കാറും സൗകര്യങ്ങളും ഒക്കെ ഉണ്ടായിട്ടും ഇവൻ മീരയെ എന്തുകൊണ്ട് ഇങ്ങോട്ട് കൊണ്ടുവരുന്നില്ല എന്നതിന് ഒരു കാരണവും പറയാനില്ല എന്നതാണ്. കുറച്ചുകാലം എന്തെങ്കിലും നുണ പറഞ്ഞു പിടിച്ചു നിന്നാൽ പോലും നാൾക്കുനാൾ സംശയം കൂടും. പിടിക്കപ്പെടും. പിടിക്കപ്പെട്ടാൽ പിന്നെ അറിയാമല്ലോ… “