സതീശൻ വെറും സ്കൂൾ മാഷ് അല്ലേ, ആ കുട്ടിയ്ക്കാണെങ്കിൽ ജോലിയൊന്നും ഇല്ല പി എസ് സി കോ മറ്റോ പഠിക്കുകയാണെന്നാണ് കേട്ടത്,”മോഹനൻ്റെ ശബ്ദത്തിൽ പുച്ഛത്തിൻ്റെ ചുവ നിറഞ്ഞു.
ഒടുക്കം സുജിത്ത് വാശിപിടിച്ചപ്പോൾ,”എൻ്റെ കുട്ടിക്ക് അതാണ് വേണ്ടതെങ്കിൽ പിന്നെ അമ്മയ്ക്കും അതുതന്നെ മതി,” എന്ന് അവൻ്റെ അമ്മ ലക്ഷ്മിയും, “ഏട്ടൻ്റെ ചോയ്സ് സൂപ്പർ, എനിക്കിഷ്ടമാണ് മീരേട്ടത്തിയെ,” എന്ന് സൗമ്യയും പക്ഷം പിടിച്ചതോടെ മോഹനനും സമ്മതിച്ചു. സുജിത്തിൻ്റെ കമ്പനിയുടെ വർത്തമാനങ്ങൾ നാട്ടിലെന്നപോലെ കുടുംബത്തിലും പരന്നിരുന്നതുകൊണ്ട് മീരയുടെ കുടുംബം അവരെ വളരെ നന്നായാണ് വരവേറ്റത്.
അത്യാവശ്യം വർത്തമാനങ്ങൾ കഴിഞ്ഞപ്പോൾ മോഹനൻ വന്ന കാര്യം സതീശനെ അറിയിച്ചു. അതിനോടകം മീരയും തൻ്റെ അടുപ്പത്തിൻ്റെ കാര്യം സതീശനെ അറിയിച്ചിരുന്നതുകൊണ്ട് സതീശനിൽ വലിയ അമ്പരപ്പൊന്നും ഉണ്ടായില്ല. മോഹനൻ കാര്യം പറഞ്ഞുകഴിഞ്ഞപ്പോൾ സതീശൻ പറഞ്ഞത് ഇതാണ്, ” ഉള്ളത് പറയാമല്ലോ, കാര്യം നമ്മൾ ഒരേ കുടുംബവും കൂട്ടരുമൊക്കെ ആണെങ്കിലും എൻ്റെ മോളെ വിദേശത്ത് ജോലിയുള്ള ഒരാൾക്ക് കെട്ടിച്ചു കൊടുക്കണം എന്നായിരുന്നു എനിക്ക്.
അല്ലാതെ നിങ്ങളുടെ പോലെ ഒരു ദാരിദ്ര്യം പിടിച്ച കുടുംബത്തിലേക്ക് അയക്കാൻ ആയിരുന്നില്ല. എന്തു ചെയ്യാം അവൾക്ക് ഇവനെ ആണ് ഇഷ്ടം. കുട്ടികളുടെ ഇഷ്ടം നടക്കട്ടെ എന്നാലോചിച്ച് ഒന്നും നോക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല. എൻ്റെ മോളുടെ ഭാവി ഞാൻ നോക്കണമല്ലോ.
പക്ഷേ സ്വന്തമായി ഒരു കമ്പനി ഒക്കെ ഉള്ള ഒരു യോഗ്യനെ അവഗണിക്കാനും എനിക്ക് വയ്യ. ഒരു കാര്യം ചെയ്യാം ഞങൾ സുജിത്തിൻ്റെ ചുറ്റുപാടൊക്കെ ഒന്ന് വന്ന് നോക്കിയിട്ട് നമുക്ക് കാര്യങ്ങള് തീരുമാനിക്കാം.” സതീശൻ പറഞ്ഞുകേട്ട് മോഹനൻ ഉള്ളിൽ പല്ലിറുമ്മിയെങ്കിലും, സുജിത്തും ടോണിയും കാര്യങ്ങൾ തങ്ങളുടെ പ്ലാൻ അനുസരിച്ച് മുന്നോട്ട് നീങ്ങുന്ന സന്തോഷത്തിലായിരുന്നു.