പൂര്‍ണേന്ദു
Poornendhu | Author : Daada
അമ്പല മുറ്റത്തു കൂടി നടക്കവേ ” ഇന്ദുവേ.., ഒന്നു നിക്കെടീ ”
എന്നുള്ള വിളി കേട്ട് പൂര്‍ണേന്ദു തിരിഞ്ഞു നോക്കിയതും.,
വേഗത്തില്‍ നടന്നു വരുന്ന അശ്വതിയെ കണ്ടു.
” അയ്യോടീ., നിന്‍റെ കാര്യം ഞാന്‍ മറന്നു പോയി..!! ”
പൂര്‍ണേന്ദു ക്ഷമാപണത്തോടെ പറഞ്ഞതും.,
” വേറെ പലതും ചിന്തിച്ച് നടക്കുന്നുണ്ടാവും..?! ”
അശ്വതി വീര്‍പ്പിച്ച മുഖവുമായി പറഞ്ഞു.
അതുകേട്ടൊരു ഞെട്ടല്‍ മുഖത്തുണ്ടായെങ്കിലും പെട്ടന്നാ ഭാവം മാറ്റിയിട്ട് അശ്വതിയെ നോക്കി പുഞ്ചിരി തൂകി പൂര്‍ണേന്ദു.
” അതേയ്., ഇന്ന് നീ വരുമല്ലോ അല്ലേ..?! അതോ അതും ഇതേ പോലെ എന്തേലും ചിന്തിച്ച് നടന്ന് മറന്നു പോകോ..?! ”
ക്ഷേത്ര കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്‍റെ സീറ്റു തുറന്ന് കൈയ്യിലിരുന്ന ഇല ചീന്തിലെ പ്രസാദം വച്ചു കൊണ്ട് ചോദിക്കവേ പൂര്‍ണേന്ദു അശ്വതിയുടെ തോളത്ത് പതിയെ തല്ലി.
” ചുമ്മാതങ്ങനെ പറഞ്ഞുണ്ടാക്കല്ലേ..?! ഞാന്‍ മറക്കാതെ വന്നോളാം..?! ”
” വന്നാ നിനക്ക് കൊള്ളാം., ഇല്ലേല്‍ അവനെന്നെ വച്ചേക്കില്ല…!! അതേ പോലെ നിന്നേം…?! ”
അശ്വതി ഈണത്തില്‍ പറഞ്ഞു കൊണ്ട് ഹെല്‍മറ്റ് വച്ചിട്ട് സാരിത്തുമ്പ് കറക്കി അരയില്‍ തിരുകിയിട്ട് സ്കൂട്ടറില്‍ കയറി ഇരുന്നു.
” വന്നോളാടീ.., നീ പൊക്കോ..?! ”
ചിരിയോടെ പൂര്‍ണേന്ദു പറഞ്ഞതും., അശ്വതി സ്കൂട്ടര്‍ വളച്ച് ഓടിച്ചു പോയി.
ആ പോക്ക് നോക്കി നില്‍ക്കവേ പൂര്‍ണേന്ദുവിന്‍റെ ചിന്തകളില്‍ പലതും തെളിഞ്ഞു വന്നു തുടങ്ങി.