”ആരാ ഈ നരിമാടൻ?”
എന്റെ ചോദ്യം കേട്ട് അവൾ ദീർഘശ്വാസം വിട്ടു. പിന്നെ ദൂരേക്ക് നോക്കി പറഞ്ഞു തുടങ്ങി.
”സത്യമാണോ അതോ വെറും കഥയാണോ എന്നൊന്നും എനിക്കറിയില്ല… പക്ഷെ വർഷങ്ങളായി ഈ മലനിരകളിൽ അങ്ങനെ ഒന്നുണ്ടെന്നാണ് പഴമക്കാർ പറയുന്നത്…”
”അതിനെ നേരിട്ട് കണ്ടവർ, അല്ലെങ്കിൽ കണ്ടു എന്ന് അവകാശപ്പെടുന്നവർ പറയുന്നത്… അതിന് ഒരു മനുഷ്യന്റെ ഉടലും ചെന്നായയുടെ തലയുമാണെന്നാണ്. സാധാരണ മനുഷ്യനേക്കാൾ വലിപ്പം… ഏകദേശം ഏഴെട്ട് അടി പൊക്കം വരും. പിന്നെ അതിന്റെ വേഗത… കണ്ണിമ ചിമ്മുന്ന വേഗത്തിലാണ് അത് സഞ്ചരിക്കുന്നത്. അതിന്റെ മുന്നിൽ പെട്ടാൽ പിന്നെ രക്ഷപ്പെടുക അസാധ്യമാണത്രേ…”
അവൾ പറഞ്ഞു നിർത്തിയതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, രാത്രി നിധിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട ആ രൂപം…
അന്ന് ഇരുട്ടിൽ കണ്ട ആ ഭീമാകാരമായ നിഴൽ… അതിന്റെ വലിപ്പം…
അവൾ പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കുമ്പോൾ അത് നരിമാടൻ ആയിരിക്കുമോ? എന്റെ നെഞ്ചിടിപ്പൊന്ന് വർദ്ധിച്ചു
”അല്ല… ആ പേര് കേട്ടപ്പോൾ മിസ്സിന്റെ മുഖം വല്ലാതെ മാറുന്നത് കണ്ടല്ലോ… മിസ്സും ഈ നരിമാടനും തമ്മിൽ എന്താ ബന്ധം?”
ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.
അതുകേട്ടതും നിധിയുടെ മുഖം മങ്ങി.
അവൾ ഒരു നിമിഷം മൗനമായി നിന്നു.
പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി.
”അതൊരു വലിയ കഥയാണ് ദേവാ… അല്ലെങ്കിൽ വലിയൊരു ദുരന്തം. വർഷങ്ങൾക്ക് മുൻപ്, ചേച്ചിയുടെ അച്ഛനും അമ്മയും മരിക്കാൻ കാരണമായത് ഈ നരിമാടനാണ് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്..”