മിസ്സ് ഒന്ന് നിർത്തി, നെഞ്ചിൽ കൈവെച്ച് വീണ്ടും തുടർന്നു
”പക്ഷേ സമരം തീർന്നിട്ടില്ല… അങ്ങനെയൊക്കെ നടക്കുന്നതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അറിയാതെ, അല്ലെങ്കിൽ ഇതിനൊരു കൃത്യമായ ഉത്തരം കിട്ടാതെ ഇനി ആരും ക്ലാസ്സിൽ കയറില്ലെന്നാ പിള്ളേര് പറയുന്നേ…”
കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല,എങ്ങോട്ടും അനങ്ങിയില്ല. എല്ലാവരും അവരവരുടേതായ ചിന്തകളിൽ മുഴുകി നിൽക്കുകയാണ്
“ചേച്ചി… ഇതിപ്പോ രണ്ടാമത്തെ മരണമല്ലേ? പോലീസുകാർക്ക് എന്തെങ്കിലും തുമ്പ് കിട്ടിയോ?”
അവിടെ തളംകെട്ടി നിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ആമി ചോദിച്ചു.
ശബ്ദം കേട്ട ഭാഗത്തേക്ക് മിസ്സ് തിരിഞ്ഞു നോക്കി.
അവിടെ നിധിയുടെ നീല ചുരിദാറും ഇട്ട് നിൽക്കുന്ന ആമിയെ കണ്ടതും മിസ്സിന്റെ കണ്ണുകളിൽ ഒരൽഭുതം തെളിഞ്ഞു. അപ്പോഴാണ് അവളവിടെ നിൽക്കുന്ന കാര്യം പോലും മിസ്സ് ശ്രദ്ധിച്ചത്.
”ആഹാ… നീ എപ്പോ വന്നു?”
”ഞങ്ങൾ ഉച്ചയ്ക്ക് മുൻപേ ഇങ്ങോട്ട് പോന്നു… അവിടെ നിൽക്കാൻ ഒരു സുഖം തോന്നിയില്ല.”
”അതെന്തായാലും നന്നായി… അപ്പൊ നിങ്ങളുടെ പിണക്കമൊക്കെ മാറിയോ?”
ആമിയുടെയും നിധിയുടെയും മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് മിസ്സ് ചോദിച്ചു.
ഉത്തരത്തിന് പകരം രണ്ടുപേരും പരസ്പരം നോക്കി ചിരിക്കുക മാത്രം ചെയ്തു.
അവരുടെ ആ നിൽപ്പും ഭാവവും കണ്ടപ്പോൾ മിസ്സിന്റെ മുഖത്തും ഒരു ആശ്വാസം തെളിഞ്ഞു.
പിന്നെ ആമിയുടെ ചോദ്യത്തിനുള്ള മറുപടി മിസ്സ് പറഞ്ഞു തുടങ്ങി.