ജീപ്പ് ദൂരേക്ക് അകന്നു പോയിട്ടും, ആ പെരുമ്പറയുടെ മുഴക്കം ഞങ്ങളുടെ കാതുകളിൽ തന്നെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു….
“സംഭവം കൊള്ളാലേ ഏതോ ഒരു പഴയ കാലത്ത് എത്തിയ പ്രതീതി… ”
സച്ചിൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി…
“മതി..മതി.. നോക്കി നിന്നത് അകത്തേക്ക് കയറിയെ എല്ലാരും..”
ഐഷു ചേച്ചി ധൃതി വെച്ചു.
അവസാനമായി ഒരു തവണ കൂടേ അകന്ന് നീങ്ങുന്ന ആ ജീപ്പിനെ നോക്കി ഞങ്ങളെല്ലാവരും അകത്തേക്ക് കയറി.
അകത്തേക്ക് കയറിയതും ചേച്ചി വേഗത്തിൽ വാതിലടച്ച് കുറ്റിയിട്ടു. പാവം, മൊത്തത്തിൽ ആകെ പേടിച്ചു പോയി എന്ന് തോന്നുന്നു.
കുറച്ചു നേരം ടി വി കണ്ടതിന് ശേഷം ഞങ്ങൾ എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി..
ഞാൻ റൂമിലെത്തി വാതിലടച്ചു ബെഡിലേക്ക് വീഴാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് വീട്ടിലേക്ക് ഒന്ന് വിളിക്കാൻ തോന്നിയത്. എന്താണെന്നറിയില്ല, ആ അനൗൺസ്‌മെന്റും അന്തരീക്ഷവും ഒക്കെ കണ്ടപ്പോൾ മനസ്സിനൊരു ഭാരം പോലെ.
സമയം കളയാതെ ഞാൻ വീട്ടിലേക്ക് വിളിച്ചു.
അമ്മയായിരുന്നു ഫോൺ എടുത്തത്. അമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ പാതി ആശ്വാസമായി. പിന്നെ അവിടുത്തെ വിശേഷങ്ങളും, നാട്ടിലെ കാര്യങ്ങളും ഒക്കെ ചോദിച്ചറിഞ്ഞ് അമ്മുവിനോടും കൂടി സംസാരിച്ച് ഫോൺ കട്ട് ചെയ്യുമ്പോഴാണ് സമയം ശ്രദ്ധിച്ചത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു!
ബെഡിലേക്ക് വെച്ച ഫോണിലേക്ക് നോക്കിയപ്പോൾ തന്നേ കൃതികയുടെ മുഖം എന്റെ മുന്നിൽ പ്രത്യക്ഷമായി…