അവൻ ഗൗരവത്തോടെ തുടർന്നു:
”എന്നിട്ടും എന്തുകൊണ്ട് നിങ്ങൾക്ക് മരിക്കാതെ ഇരുന്നൂടാ…? കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ, അപകടം വരുമെന്ന് അറിയാവുന്നതുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി ആ മരണം സംഭവിക്കാതെ നിങ്ങൾക്ക് ജീവിച്ചൂടെ?”
അവൻ ആമിയോടും നിധിയോടുമായി ചോദിച്ചു..
”അങ്ങനെ നിങ്ങൾ മരിച്ചില്ലെങ്കിൽ… പിന്നെ എങ്ങനെയാണ് ഈ ലൂപ്പ് റീസെറ്റ് ആവുന്നത്…?”
രാഹുലിന്റെ നാവിൽ നിന്നും വീണ ആ വലിയ വാക്കുകൾ കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി.
സാധാരണ തമാശയും കാര്യവുമില്ലാത്ത വർത്തമാനവും മാത്രം പറയുന്ന ഇവന്റെ തലയിൽ ഇങ്ങനെയൊരു ചോദ്യം ഉദിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
സത്യം പറഞ്ഞാൽ, എന്റെ കിളികൾ വരെ ഒന്ന് പകച്ചുപോയി. ഇവൻ ഇത്രയും വിവേകം ഉള്ളവനായിരുന്നോ..?
”നല്ല ചോദ്യം… വെരി ഗുഡ്…”
എന്റെ ഞെട്ടൽ മാറും മുൻപേ ആമി അവന്റെ അരികിലേക്ക് നടന്നു. ഒരു ചിരിയോടെ അവൾ അവന്റെ തോളിൽ തട്ടി അഭിനന്ദിച്ചു.
”ഇത്രയും നേരം സംസാരിച്ചിട്ടും ആർക്കും തോന്നാത്ത ഒരു സംശയമാണ് നീ ഇപ്പോൾ ചോദിച്ചത്…”
ആമിയുടെ ആ സ്പർശനവും അഭിനന്ദനവും കേട്ടതും രാഹുലിന്റെ മട്ടും ഭാവവും അപ്പാടെ മാറി. അവനൊന്ന് പുളകം കൊണ്ടു. ലോട്ടറി അടിച്ചവനെപ്പോലെ അവൻ ഇളിച്ചുകൊണ്ട് ഞങ്ങളെ നോക്കി.
അതിന് കാരണവുമുണ്ട്.ആമിയുടെ വായിൽ നിന്നും ഒരു പ്രശംസ ലഭിക്കുക എന്നുവെച്ചാൽ അത് ലോകവസാനത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്