“ഇതൊക്കെ അറിഞ്ഞിട്ടും നീ എന്ത് കൊണ്ട് ഇത്രയും നേരം ഇത് ഞങ്ങളോട് പറഞ്ഞില്ല…?”
സച്ചിന്റെ ചോദ്യത്തിന് നല്ല മൂർച്ചയുണ്ടായിരുന്നു.
”ഞങ്ങൾ നേരത്തെ വന്നതാണ് ഈ മാറ്റങ്ങൾക്ക് കാരണമെങ്കിൽ, അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്നുണ്ടെന്ന് തോന്നിയിട്ടും നീ എന്തുകൊണ്ട് മൗനം പാലിച്ചു?”
സച്ചിന്റെ ചോദ്യം കേട്ട് നിധി എന്നെയൊന്ന് നോക്കി. ആ നോട്ടത്തിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞിരിക്കുന്നതുപോലെ എനിക്ക് തോന്നി.
”പറയാത്തതിന് ഒരു കാരണമുണ്ട് സച്ചിനേ കഴിഞ്ഞ ലൂപ്പിൽ, മരിക്കുന്നതിന് തൊട്ട് മുൻപ് ദേവ എന്നോട് പറഞ്ഞ കാര്യങ്ങൾ കാരണമാണ് ഞാൻ ഒന്നും പറയാതിരുന്നത്…”
അവളുടെ മറുപടി കേട്ടതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി….
ഞാൻ മരിക്കുന്നതിന് മുൻപ് പറഞ്ഞ കാര്യങ്ങളോ? അതെന്ത് മൈര്…
”അവൻ എന്ത് പറഞ്ഞു…?”
ആമിയാണ് ആകാംക്ഷയോടെ അത് ചോദിച്ചത്.
സത്യം പറഞ്ഞാൽ, എന്റെ മരണമൊഴിയായി ഞാൻ എന്താവും പറഞ്ഞിട്ടുണ്ടാവുക എന്നറിയാൻ എനിക്കും ഒരു ആകാംക്ഷയുണ്ടായിരുന്നു.
പക്ഷേ ആമിയുടെ മട്ടും ഭാവവും കണ്ടപ്പോൾ ഞാൻ അതിൽ രണ്ടാം സ്ഥാനക്കാരനായി….
എല്ലാവരും നിധിയുടെ വാക്കുകൾക്കായി കാതോർത്തു.
നിധി ഒരു ദീർഘശ്വാസമെടുത്തു,
“ദേവ അവസാനമായി എന്നോട് പറഞ്ഞ കാര്യം ‘പേടിക്കേണ്ട ഒഴുക്കിനേ പിന്തുടർന്നാൽ മതി എല്ലാം ശരിയാകും ‘എന്നായിരുന്നു..പിന്നേ വേറേ എന്തോ ഒന്നുകൂടി പറയാൻ ശ്രമിച്ചു പക്ഷേ അതിന് മുന്പേ അവന്റെ കണ്ണുകൾ നിശ്ചലമായി.”