“നിനക്ക് ഇഷ്ടമാണോ ഇവിടെ?”
അവൻ ചോദിച്ചു.
“ഇഷ്ടവും… പേടിയും,”
ഞാൻ പറഞ്ഞു.
“എല്ലാം പുതിയത്. സ്വാതന്ത്ര്യം കിട്ടിയെന്ന സന്തോഷം… പക്ഷേ ചിലപ്പോൾ തോന്നും, ഞാൻ സ്വയം കൈവിട്ട് പോവുകയാണോ എന്ന്.”
അവൻ ഒന്നും പറഞ്ഞില്ല. കാർ പതുക്കെ ഓടിച്ചു. ഒരു പാർക്കിന് സമീപം നിർത്തി. ചുറ്റും ഒരാൾ പോലും ഇല്ല. സ്നോയുടെ മുകളിൽ ഞങ്ങളുടെ കാൽപ്പാടുകൾ മാത്രം.
ഞങ്ങൾ പുറത്തിറങ്ങി. തണുപ്പിൽ കൈകൾ വിറയ്ക്കുന്നു. അവൻ കൈകൾ എന്റെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു. ആ സ്പർശം ഉള്ളിൽ ഒരു അനിശ്ചിതത്വം ഉണർത്തി.
“രാഹുൾ…”
എനിക്ക് പറയാനുണ്ടായിരുന്നത് വാക്കുകളായി പുറത്തുവന്നില്ല.
“എനിക്ക് അറിയാം,”
അവൻ പതുക്കെ പറഞ്ഞു.
“നിനക്കു പേടി ആണെന്നല്ല?. നിന്റെ മമ്മി, നിന്റെ കുടുംബം… എല്ലാം.”
അത് കേട്ടപ്പോൾ, എന്റെ നെഞ്ച് ഒന്നു പിടഞ്ഞു.
മമ്മിയുടെ മുഖം—
“നീ ആരാണെന്ന് മറക്കരുത്”
എന്ന് പറയുന്ന ആ ശബ്ദം.
“ഞാൻ നിന്നെ ഉപയോഗിക്കാനൊന്നും വന്നതല്ല,”
അവൻ തുടർന്നു.
“പക്ഷേ… ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. അത്ര തന്നെ.”
സ്നോ വീഴുന്ന ശബ്ദം പോലും കേൾക്കാവുന്നത്ര നിശ്ശബ്ദം.
എനിക്ക് അപ്പോൾ തോന്നിയത്—
ഇതൊരു വഴിത്തിരിവാണ്.
ഒരുവശത്ത്, ഞാൻ വളർന്ന മൂല്യങ്ങൾ.
മറ്റൊരുവശത്ത്, ഞാൻ ആദ്യമായി അനുഭവിക്കുന്ന സ്വാതന്ത്ര്യവും സ്നേഹവും.
“ഇത് എല്ലാം അവസാനത്തിൽ വേദനയാവുമോ?”
ഞാൻ ചോദിച്ചു.
“അല്ലെങ്കിൽ… ഞാൻ പിന്നീട് എന്നെത്തന്നെ വെറുക്കുമോ?”
അവൻ എന്റെ കണ്ണുകളിലേക്ക് നോക്കി.
“അത് നമുക്ക് ഇപ്പോൾ അറിയില്ല. പക്ഷേ, നീ ഈ നിമിഷത്തിൽ നിന്നെ തന്നെ വഞ്ചിക്കരുത്. നിന്റെ മമ്മി മോളി ടീച്ചർ നിന്റെ പ്രായത്തിൽ നിന്നെക്കാൾ വില്ലത്തി ആയിരിക്കും ചിലപ്പോൾ . ആർക്കറിയാം അതൊക്കെ ?”