ഒരു വാരാന്ത്യത്തിൽ, ഞങ്ങൾ ഒരുമിച്ച് ബിരിയാണി ഉണ്ടാക്കി. ഭക്ഷണം കഴിഞ്ഞപ്പോൾ, അശ്വതി ചേച്ചി ബാഗിൽ നിന്നൊരു ബോട്ടിൽ എടുത്തു. വോഡ്ക.
“നിങ്ങൾ രണ്ടുപേരും കുടിക്കില്ലേ?”
ട്രീസ ചേച്ചി ചോദിച്ചു കൊണ്ട് ഗ്ലാസ്സുകളിൽ ഒഴിച്ചു.
“അതെന്ത് ചോദ്യമാണ്!”
“അച്ചായത്തി അല്ലേ, അടിക്കാതെ എങ്ങനെയാ!”
ചിരിയോടെ പറഞ്ഞ ആ വാക്കുകൾക്കു മുന്നിൽ, എനിക്ക് ‘നോ’ പറയാൻ തോന്നിയില്ല.
ജീവിതത്തിൽ ആദ്യമായി ഞാൻ മദ്യപിച്ചു.
മദ്യം തലയിൽ കയറിത്തുടങ്ങിയപ്പോൾ, ഉള്ളിലെ ഭയങ്ങളും മടികളും ഒന്നു പതുങ്ങി. ഞങ്ങൾ തുറന്ന് സംസാരിച്ചു. കുടുംബം, ജീവിതം, ഇഷ്ടങ്ങൾ. ചേച്ചിമാരുടെ പ്രണയകഥകളും, ശ്രുതിയുടെ ക്ലാസ്സിലെ ഒരു ചെറുക്കനുമായുള്ള ബന്ധവും എല്ലാം പുറത്തുവന്നു.
അവസാനം, ചർച്ച എന്റെ മേലേക്ക് തിരിഞ്ഞു.
“നീ ഞങ്ങളിലൊക്കെ ഏറ്റവും സുന്ദരിയാ… എന്നിട്ടും നിനക്ക് ലൈൻ ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല!”
“നാട്ടിലായിരുന്നാലും തുറന്ന് പറ.”
മദ്യത്തിന്റെ സ്വാധീനമാണോ, അവരുടെ നിർബന്ധമാണോ എന്നറിയില്ല—
ക്ലാസ്സിലെ രാഹുലിന്റെ proposal എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞുപോയി.
“അമ്പടി കള്ളി! മിണ്ടാപ്പൂച്ച കലം ഉടക്കും!”
അവരുടെ ചിരിയിൽ ഞാനും നാണത്തോടെ ചിരിച്ചു.
ഞാനും രാഹുലും ‘സെറ്റ്’ ആവാൻ അധികം സമയം എടുത്തില്ല.
മറ്റൊരു മതവിഭാഗത്തിൽപ്പെട്ടവനാണെന്നത്, വിവാഹത്തിന്റെ കാര്യത്തിൽ മമ്മി ഒരിക്കലും സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അന്ന്, പ്രണയം അതെല്ലാം മറികടക്കുന്നൊരു അനുഭവമായിരുന്നു. ജീവിതത്തിൽ ആദ്യമായുള്ള പ്രണയം—അതിന് ഒരു വേറിട്ട മാധുര്യമുണ്ടായിരുന്നു.