മമ്മിയുടെ ശബ്ദം മനസ്സിൽ മുഴങ്ങി.
“മോളേ… നിന്റെ അതിരുകൾ മറക്കരുത്.”
ഗ്രാമത്തിലെ വീട്, പ്രാർത്ഥന, രാവിലെ മമ്മിവിളിക്കുന്ന ശബ്ദം—
എല്ലാം ഒരുപാട് ദൂരെയായിട്ടും, അസ്വസ്ഥമായി അടുത്ത്.
എന്താണ് ഞാൻ ചെയ്തത്?
ഇത് തെറ്റാണോ?
അല്ലെങ്കിൽ, ഞാൻ ആദ്യമായി എന്റെ ഇഷ്ടത്തിന് ജീവിച്ചതാണോ?
ഉത്തരം ഒന്നും കിട്ടിയില്ല.
ഷവറിന്റെ കീഴെ നിന്നപ്പോൾ കഴുത്തിലും മാറിടത്തിലും ഒക്കെ ഒരു നീറ്റൽ. ശരീരം ആകെ ഒരു വിറ.
ഇത് തണുപ്പാണോ… കുറ്റബോധമാണോ…
എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു.
പുറത്തിറങ്ങിയപ്പോൾ, രാഹുൽ എഴുന്നേറ്റിരുന്നു.
“എനിക്ക്… വീട്ടിലേക്ക് പോണം,”
ഞാൻ പറഞ്ഞു.
“ഇപ്പോൾ തന്നെ.”
അവൻ ഒന്നും ചോദിച്ചില്ല.
അവന്റെ ആ നിശ്ശബ്ദത തന്നെ എനിക്ക് കൂടുതൽ വേദനയായി.
കാർ യാത്ര മുഴുവൻ, ഞാൻ പുറത്തേക്ക് നോക്കി.
സ്നോ മൂടിയ റോഡുകൾ.
എല്ലാം വെളുപ്പാണ്… പക്ഷേ എന്റെ മനസ്സ് അങ്ങനെ അല്ല.
വീട്ടിലെത്തിയപ്പോൾ, എല്ലാവരും ഉറങ്ങുകയായിരുന്നു.
നിശ്ശബ്ദമായി റൂമിലേക്ക് കയറി.
ജാക്കറ്റ് മാറ്റി, ബെഡിൽ ഇരുന്നു.
അപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്.
മമ്മി
“ഹലോ മോളേ…”
മമ്മിയുടെ ശബ്ദം—സാധാരണ പോലെ.
“എന്താ മമ്മി…”
എന്റെ ശബ്ദം തന്നെ എനിക്ക് അന്യമായി തോന്നി.
“നിനക്കു സുഖമാണോ?”
“ക്ലാസ് ഒക്കെ നന്നായി പോവുന്നില്ലേ?”
ആ ചോദ്യങ്ങൾ…
എനിക്ക് കണ്ണു നിറഞ്ഞു
“ആ… സുഖമാണ്,”
ഞാൻ പറഞ്ഞു.
“എല്ലാം നന്നാ.”
ഫോൺ വച്ച ശേഷം,
കണ്ണുനീർ തടയാൻ എനിക്ക് കഴിഞ്ഞില്ല.
ഞാൻ തെറ്റൊന്നും ചെയ്തില്ലെന്ന് മനസ്സ് പറഞ്ഞു.
പക്ഷേ, ഹൃദയം അത് അംഗീകരിക്കാൻ തയ്യാറായില്ല.