മുത്തച്ചൻ, അതായത് എന്റെ പപ്പയുടെ അച്ഛൻ, തികഞ്ഞൊരു നാട്ടു വൈദ്യനും കളരി വിദ്വാനും ആയിരുന്നു. ഭയങ്കര ദേഷ്യവും ഗൗരവവുമാണ് അദ്ദേഹത്തിന്. വലിയ കോടീശ്വരന്‍ കുടുംബത്തിലാണ് ജനിച്ചത്. പാരമ്പര്യമായി കിട്ടിയ ഒരുപാട് സ്വത്തുക്കൾ മുത്തച്ഛനുണ്ട്. പുള്ളിക്ക് എട്ട് മക്കളാണ്. 5 ആണും 3 പെണ്ണും. എന്റെ പപ്പ രണ്ടാമത്തെ ആളാണ്. പിന്നെ ഞാൻ ഉള്‍പ്പെടെ മുത്തച്ഛന് 26 പേരക്കുട്ടികളാണുള്ളത്. മുത്തശ്ശി ഒരു പാവപ്പെട്ട വീട്ടിലേയായിരുന്നു. എനിക്ക് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു മുത്തശ്ശിയുടെ മരണം.
മുത്തച്ചനെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പേടിയും ബഹുമാനവും ആയിരുന്നു. പേരക്കുട്ടികൾക്ക് പോലും പേടിയാണ്, ഞാൻ ഒഴികെ.
എനിക്ക് ഓര്‍മ്മ വച്ച കാലം തൊട്ടേ ഞാൻ മുത്തച്ഛനോടാണ് കൂടുതൽ സ്നേഹവും അടുപ്പവും കാണിച്ചിരുന്നത്. മുത്തശ്ശന്റെ വൈദ്യശാലയും, ഉഴിച്ചിലും, തിരുമ്മലും, നാട്ടുമരുന്ന് ഉണ്ടാക്കലും, കളരി പഠിപ്പകലുമൊക്കെ എന്റെ ഓര്‍മ്മ വച്ച കാലം തൊട്ടേ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. എന്നാൽ ഞാൻ ഒഴികെ, മുത്തച്ഛന്റെ 8 മക്കളിൽ ആർക്കെങ്കിലുമോ, മറ്റ് 25 പേരക്കുട്ടികളിൽ ആര്‍ക്കെങ്കിലുമോ മുത്തച്ചന്റെ ആ വാസന കിട്ടിയിട്ടില്ല എന്നതാണ് എല്ലാവർക്കും ആശ്ചര്യം.
എനിക്കെങ്കിലും ആ വാസന കിട്ടിയല്ലോന്ന സന്തോഷം മുത്തച്ചന് എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് എപ്പോഴും ഒരു പ്രത്യെക വാത്സല്യം മുത്തച്ചൻ എന്നോട് കാണിച്ചിരുന്നു. ഒരിക്കൽ പോലും മുത്തച്ഛന്‍ എന്നോട് ദേഷ്യമോ ഗൗരവമോ കാണിച്ചിരുന്നില്ല. ഞാൻ എന്ത് പറഞ്ഞാലും മുത്തച്ഛന്‍ കേള്‍ക്കും. മുത്തച്ചന്റെ സ്വന്തം മക്കൾക്കും, മരുമക്കൾക്കും, മറ്റ് പേരക്കുട്ടികൾക്കുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് മുത്തച്ചനോടുണ്ടായിരുന്നു. അതുകൊണ്ട് മുത്തച്ചനിൽ നിന്നും എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ താറാവാട്ടിലുള്ള സകലരും വരുന്നത് എന്റെ അടുത്തേക്കാണ്.