പതിവ് പോലെ സമയം നീങ്ങുമ്പോൾ അശ്വതി ചിന്നുമോളെ ഒരുക്കി സ്കൂളിലയച്ചു. അടുക്കളയിലേക്ക് പോകും മുന്നേ മുറിയിൽ കയറി നോക്കി. പ്രസാദ് ഉണർന്നോ എന്നറിയാൻ.
“ഏട്ടൻ എണീറ്റോ..?”
“മ്മ്..”
അവൻ എണീറ്റ് ബെഡിൽ ചാരി ഇരുന്നിട്ടുണ്ടായിരുന്നു.
“ചായ വേണോ..ഇപ്പൊ കൊണ്ടുവരാം..”
അവന്റെ മുന്നിൽ അധികം നിൽക്കാതെ എന്നാൽ ഒട്ടും കൂസലില്ലാതെ സംസാരിച്ച് അവൾ അടുക്കളയിലേക്ക് നടന്നു.
ഇന്നലത്തെ രാത്രി പ്രസാദിന് മറക്കാൻ പറ്റില്ലല്ലോ. പക്ഷെ അതിന്റെയൊന്നും യാതൊരു ഭാവവുമില്ലാത്ത അശ്വതിയുടെ പെരുമാറ്റം അവനിൽ സംശയങ്ങൾ ജനിപ്പിച്ചു. കഴിഞ്ഞതിനെ കുറിച് ചോദിക്കണോ വേണ്ടയോ എന്ന് ശങ്കിക്കുകയാണ്.
തിരികെ ചായയുമായി വരുമ്പോൾ അവളുടെ മുഖത്തു സൗമ്യമായ പുഞ്ചിരി കാണാം. ചോദിക്കാനുള്ള ചിന്തയെ അവന് ബഹിഷ്‌ക്കരിക്കേണ്ടി വന്നു.
പ്രസാദിനെ കുളിപ്പിച്ചും സഹായിച്ചും സമയം നീങ്ങി. അവളും കുളിച്ച് സുന്ദരിയായി പുതിയ സാരിയുടുത്ത് പണിയിലേക്ക് കടന്നു.
ഉച്ചനേരത്തെ ഭക്ഷണവും കഴിഞ്ഞ് സമയം മണിക്കൂറുകളായി നീങ്ങുകയാണ്. അത്രവേരയും പ്രസാദിനൊന്ന് അവളോട് മിണ്ടാനോ ചോദിക്കാനോ കഴിഞ്ഞില്ല. പണി തിരക്കുകൾ അഭിനയിച്ച് അവന്റെ മുൻപിൽ നിന്ന് ഒഴിയുകയായിരുന്നു അശ്വതി.
പ്രസാദിനിപ്പോ അത്യാവശ്യം സ്വയമേ തന്നെ വാക്കറിൽ നടക്കാൻ പറ്റുന്നുണ്ട്. മുറിയിൽ തന്നെ അവനത് ശീലമാക്കി തുടങ്ങി.
രാത്രിയിലേക്കടുക്കുന്ന സമയം അശ്വതിക്ക് എന്തോ ഒരു അലസത. എന്താണെന്ന് പിടികിട്ടാത്ത ഒരു തരം പിരിമുറുക്കം. എല്ലാവർക്കും ഭക്ഷണം കൊടുത്ത് കഴിഞ്ഞ് മക്കളെയുറക്കിയ ശേഷം അവൾ ഭർത്താവിന്റെ അരികിലേക്ക് വന്നു. നെറ്റിയിൽ കൈ വച്ച് കണ്ണടച്ച് കിടക്കുകയായിരുന്നു പ്രസാദ്.