”അതുകൊണ്ട്, മത്സരയിനങ്ങളിൽ ജയിച്ചു ദീപം തെളിയിക്കുന്ന നാടിന് വേണ്ടി അമ്പലത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ആ പൂജ ചെയ്ത്, ശിവ ഭഗവാന്റെ അനുഗ്രഹത്തോടെ ഒരു സുരക്ഷാ കവചം തീർത്താൽ മാത്രമേ മലയിലെ ആ ദുഷ്ടശക്തികളിൽ നിന്ന് രക്ഷപെട്ട് നിധി തേടാൻ കഴിയൂ എന്നാണ് വിശ്വാസം.
അല്ലാത്തവർ പോയാൽ… മരണം ഉറപ്പാണ്.”
നിധി പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങളുപോലുമറിയാതെ ഞങ്ങൾ വീടിന്റെ പുറത്ത് എത്തിയിരുന്നു…
അപ്പോഴാണ് എന്റെ മനസ്സിൽ വേറൊരു സംശയം ഉദിച്ചത്..
“ഈ അടുത്ത് പൂജ ചെയ്ത് അതിനുള്ളിൽ പോയവർ തിരിച്ചു വന്നിട്ടുണ്ടോ….. ഇനി തിരിച്ചു വന്നിട്ടുണ്ടെങ്കിൽ തന്നേ ഇതിനൊക്കെ ആരെങ്കിലും സമ്മതിക്കുമോ….”
ഞാൻ നിധിയോട് ചോദിച്ചു…
എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു…
ശേഷം
“””ജയിക്കുന്ന നാട്ടിലെ പ്രമാണിമാർ ഒരിക്കലും ആ മലയുടെ ഉള്ളിലെ മരണച്ചുഴിയിലേക്ക് ഇറങ്ങിച്ചെല്ലാറില്ല.
പകരം, അതിനായി അവർ പുറത്തുനിന്നും ചില ബലിയാടുകളെ കണ്ടെത്തും.
മലകയറിയാലുള്ള നേട്ടങ്ങളെക്കുറിച്ചും ഒപ്പം പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും.
ദാരിദ്ര്യം മാത്രം കൈമുതലായുള്ള ആ പാവങ്ങൾക്ക് മുൻപിൽ വലിയൊരു തുക വെച്ചുനീട്ടുമ്പോൾ, വരാനിരിക്കുന്ന അപകടത്തേക്കാൾ ഉപരി അവരുടെ കണ്ണ് ആ പണത്തിൽ മാത്രമായിരിക്കും.
കുടുംബത്തിന് ലഭിക്കുന്ന സൗഭാഗ്യം ഓർത്ത് അവർ എതിർവാക്കുകളില്ലാതെ ആ ദൗത്യം ഏറ്റെടുക്കും.