”അച്ഛമ്മ പറഞ്ഞതനുസരിച്ച്… ഈ കല്ലിന്റെ പേര് ‘ഇന്ദ്രനീലം’ എന്നാണ്.”
നിധി ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ തുടർന്നു.
”ആ മലയുടെ ഉള്ളിൽ എവിടെയോ കാലങ്ങളായി ഒളിഞ്ഞിരിക്കുന്ന, ഏറ്റവും അമൂല്യമായ നിധിയാണത്രേ അത്. പണ്ട് ഈ പ്രദേശം ഭരിച്ചിരുന്ന ഏതോ ഒരു രാജാവ്, യുദ്ധത്തിൽ തോൽക്കുമെന്നായപ്പോൾ തന്റെ കൊട്ടാരത്തിലെ സകല സമ്പാദ്യവും ആ മലയ്ക്കുള്ളിൽ കൊണ്ടുപോയി ഒളിപ്പിച്ചു എന്നാണ് കഥ.”
അവൾ ഒന്ന് നിർത്തി, ഞങ്ങളെ ഓരോരുത്തരെയും നോക്കി.
”സ്വർണ്ണവും രത്നങ്ങളും നാണയങ്ങളും ഒക്കെയായി വലിയൊരു ശേഖരം തന്നെ അവിടെയുണ്ടായിരുന്നു. പല കാലഘട്ടങ്ങളിലായി ഒത്തിരിപ്പേർ ആ നിധി തേടി മലകയറിയിട്ടുണ്ട്. അതിൽ ചിലർക്കൊക്കെ ചെറിയ അളവിൽ സ്വർണ്ണവും മറ്റും കിട്ടിയിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. പക്ഷേ…”
അവൾ വീണ്ടും ആ ചിത്രത്തിലെ തിളങ്ങുന്ന കല്ലിലേക്ക് വിരൽ ചൂണ്ടി.
”രാജാവ് തന്റെ നിധിശേഖരത്തിൽ ഏറ്റവും വിലമതിച്ചിരുന്ന ഈ ‘ഇന്ദ്രനീലം’ മാത്രം ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. അത് തേടി പോയവരാരും അത് കണ്ടിട്ടുമില്ല. അത്രയേ എനിക്കും അറിയൂ… ബാക്കി എല്ലാം ആ മലയ്ക്കുള്ളിലെ ഇരുട്ടിന് മാത്രം അറിയാവുന്ന സത്യങ്ങളാണ്.”
’ഇന്ദ്രനീലം’ എന്ന പേര് കേട്ടപ്പോൾ എന്തോ, ആ ചിത്രത്തിലെ നീലയും പച്ചയും കലർന്ന തിളക്കത്തിന് തെളിച്ചം കൂടിയതുപോലെ എനിക്ക് തോന്നി
“ഇന്ദ്രനീലമോ അത് ഈ നാടിന്റെ പേരല്ലേ.. ”
രാഹുൽ അവളോട് ചോദിച്ചു…