എനിക്ക് മാത്രം കേൾക്കാൻ പാകത്തിനാണ് അവൾ അത് ചോദിച്ചതെങ്കിലും, ആ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ നിസ്സഹായതയായിരുന്നു നിഴലിച്ചു നിന്നത്.
അവളുടെ ആ വാടിത്തളർന്ന മുഖഭാവം കണ്ടപ്പോൾ, വീണ്ടും തെറ്റ് എന്റെ ഭാഗത്തായിരുന്നു എന്നൊരു തോന്നൽ എന്നെ വേട്ടയാടാൻ തുടങ്ങി.
സത്യത്തിൽ, എന്റെ ആക്രാന്തം കൊണ്ട്… ഞാൻ അസമയത്ത് കേറി പിടിച്ചതുകൊണ്ടല്ലേ വണ്ടി മറിഞ്ഞതും ഇങ്ങനെയൊക്കെ ഉണ്ടായതും?
അവളൊന്നു പേടിച്ചപ്പോൾ ഞാനല്ലേ ആശ്വസിപ്പിക്കേണ്ടിയിരുന്നത്? അതിന് പകരം ഞാൻ കാണിച്ച ഈ വാശി വെറും ക്രൂരതയല്ലേ?
അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു.
അല്ലെങ്കിൽ തന്നേ ഞാൻ അവളോട് എന്ത് പറയും? സ്വന്തം തെറ്റ് മറച്ചുവെക്കാൻ വേണ്ടി കാട്ടിക്കൂട്ടിയ വെറും നാടകമായിരുന്നു ഇത്രനേരം എന്ന് പറയണോ?
ഒന്നുമില്ലാത്തവന്റെ ആയുധം മൗനമെന്ന പോലേ ഞാൻ അങ്ങനെ നിന്നു…
എന്റെ മുഖത്തെ ഭാവമാറ്റം അവളും ശ്രദ്ധിച്ചിട്ടുണ്ടാകണം.
എന്റെ മൗനം പാതി സമ്മതമാണെന്ന് അവൾക്ക് തോന്നിയിരിക്കാം.
അവൾ മെല്ലെ എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു.
ആ കണ്ണുകളിൽ നേരത്തെ കണ്ട വാശിയോ ദേഷ്യമോ ഉണ്ടായിരുന്നില്ല.
”പോവാം…?”
ഒരു കൊച്ചു കുട്ടിയെപ്പോലെയായിരുന്നു അവളുടെ ആ ചോദ്യം.
അതിൽ ഒരപേക്ഷയുണ്ടായിരുന്നു.
അവളുടെ ആ ചോദ്യത്തിന് മുന്നിൽ, ഇനിയും കലിപ്പും വാശിയും കാണിച്ച് നിൽക്കാൻ എനിക്ക് തോന്നിയില്ല.