കുറച്ചു നേരത്തിനൊടുവിൽ ബുള്ളറ്റിന്റെ ഇരമ്പുന്ന ശബ്ദം ഞാൻ കേട്ടു…
തിരിഞ്ഞു നോക്കിയപ്പോൾ അവന്മാരാണ്…
അവർ ഞങ്ങളുടെ അടുത്തേക്ക് വന്ന് സഡൻ ബ്രേക്കിട്ടു.
വണ്ടി നിർത്തിയതും രാഹുൽ ഹെൽമെറ്റ് ഊരി വലിയൊരു ശ്വാസം പുറത്ത് വിട്ടു.
”എന്റെ പൊന്ന്… നിധിയേ, എന്തൊരു പോക്കാടി നീ ഈ പോയത്? നീ ഓടിക്കുന്നത് ബൈക്ക് തന്നെയാണോ? അതോ വല്ല റോക്കറ്റും ആണോ?”
രാഹുൽ കണ്ണ് തള്ളി നിധിയോട് ചോദിച്ചു….
”സത്യം…ഞങ്ങൾ എത്ര ശ്രമിച്ചിട്ടും നിന്റെ അടുത്ത് പോലും എത്താൻ സാധിച്ചില്ല… ഒരൊറ്റ കുതിപ്പായിരുന്നില്ലേ…”
സച്ചിനും പറഞ്ഞു.
ഞങ്ങൾ ഇവിടെ വീണുകിടന്നതുകൊണ്ടാണ് വണ്ടി നിർത്തിയതെന്ന് അറിയാതെ, അവർക്കായി കാത്തുനിന്നതാണെന്ന് കരുതിയാണ് അവരുടെ ഈ സംസാരം.
അതുകൊണ്ട് തന്നെ ആരും ഞങ്ങളുടെ ദേഹത്തെ പൊടിയും മണ്ണും ശ്രദ്ധിച്ചതുമില്ല.
“ഇനി എങ്ങോട്ടാ…. ”
രാഹുൽ ഒരു താൽപ്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു…
“ഇവിടുന്ന് നേരേ പോയി റൈറ്റ്…”
നിധി അവനോട് മറുപടി പറഞ്ഞു…
“എന്ത് നോക്കി നിൽക്കാ പിന്നേ…? വേഗം കേറാൻ നോക്കി…”
സച്ചിൻ ബൈക്കിലേക്ക് നോക്കി നിധിയോടായി പറഞ്ഞു…
അതു കേട്ടതും നിധി എന്നെയൊന്ന് നോക്കി..
അതിന് ഞാനെന്ത് ചെയ്തു… ഇവളെന്നെ ഇങ്ങനെ തുറിച്ചു നോക്കാൻ…?🤔
എന്റെ മനസ്സ് ചോദ്യചിഹ്നമായി നിൽക്കുമ്പോഴാണ് അവളുടെ അടുത്ത ഡയലോഗ് വന്നത്.