പെട്ടെന്നാണ് അവൾ ബൈക്കിന്റെ ഒരു താക്കോലെടുത്ത് അവർക്ക് നേരെ എറിഞ്ഞത്.
”ഇന്നാ… ഇത് പിടിച്ച് നിങ്ങള്‍ രണ്ടാളും ആ ബൈക്കില്‍ വാ. ഞാനും ദേവയും വേറെ വരാം…”
അവളുടെ സ്വരത്തിൽ ഒരു ആജ്ഞാശക്തി ഉണ്ടായിരുന്നു.
സ്വാഭാവികമായും അവളുടെ കയ്യിലുള്ള മറ്റേ ബുള്ളറ്റിന്റെ താക്കോൽ അവൾ എനിക്ക് തരുമെന്നും, ഞാൻ വണ്ടി ഓടിക്കണമെന്നുമാണ് ഞാൻ കരുതിയത്.
പക്ഷേ, എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൾ നേരെ ചെന്ന് ആ റോയൽ എൻഫീൽഡിന്റെ സീറ്റിലേക്ക് കയറി ഇരുന്നു.
ആ ഇരിപ്പിലും ഭാവത്തിലും, ‘ഇന്ന് വണ്ടി ഞാൻ തന്നെ പറത്തും’ എന്നൊരു വാശി പ്രകടമായിരുന്നു.
”അവിടെ അന്തംവിട്ടു നിൽക്കാതെ കേറ് ദേവാ…”
എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകൊണ്ട് അവൾ വിളിച്ചുപറഞ്ഞു.
അവളുടെ ആ വിളി കേട്ടതും മറുത്തൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ പിന്നിലായി കയറി ഇരുന്നു.
ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ ബൈക്കിന് പുറകിൽ ഇരിക്കുന്നത്. അതിന്റെയൊരു ജാള്യതയും, പേടിയും ആദ്യം മനസ്സിനെ അലട്ടി.
പക്ഷേ, മുന്നിലിരിക്കുന്നത് നിധിയാണ് എന്ന ഓർമ്മ വന്നപ്പോൾ ആ പേടിയൊക്കെ മഞ്ഞുപോലെ ഉരുകിപ്പോയി.
എന്നാൽ, ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. പണ്ട് ഒരിക്കൽ അവളുടെ കൂടെ കാറിൽ സഞ്ചരിച്ച ആ ഭയാനകമായ നിമിഷങ്ങൾ പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് ഇരച്ചെത്തി. അന്ന് അവൾ ഡ്രൈവ് ചെയ്ത ലക്ഷണം വെച്ച് നോക്കിയാൽ, ഇന്ന് ഈ ബുള്ളറ്റിൽ എന്റെ വിധി എന്താകുമെന്ന് ആലോചിച്ചപ്പോൾ, ഉരുകിപ്പോയ പേടി ഇരട്ടി ശക്തിയോടെ വീണ്ടും തലപൊക്കി തുടങ്ങി…