അവൾ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു, പിന്നെ നെഞ്ചിൽ പതുക്കെ തലോടി. അവിടെയൊന്നു തല ചായ്ക്കാൻ അവൾ കൊതിച്ചു. മുഖം കുനിച്ചു ആ നെഞ്ചിലേക്ക് ചായാൻ തനിഞ്ഞതും പിന്നിൽ ആരോ ഓടിക്കിതച്ചു കയറി വന്നു വാതിൽ തള്ളിതുറന്നതും ഒരുമിച്ചായിരുന്നു. ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റ എലിസബത്ത് പിന്നിലേക്ക് നോക്കി.
ശാരിക..!
കത്തുന്ന കണ്ണുകളുമായി ശാരിക നിന്ന് കിതയ്ക്കുന്നു. കടും പച്ച നിറത്തിൽ ഓറഞ്ചു നിറത്തിൽ വർക്കുകൾ ഉള്ള മനോഹരമായൊരു ചുരിദാർ ടോപ് മാത്രമേ ഉടുത്തിട്ടുള്ളൂ. മുടിയിൽ ടവ്വൽ ചുറ്റി മുടി ഈറൻ മാറാൻ പൊതിഞ്ഞു വച്ചിരിക്കുന്നു. കാൽമുട്ടിനു താഴെ ആ കൊല്ലുന്ന സൗന്ദര്യം വെളുത്തു തിളങ്ങി നിൽക്കുന്നു. കർത്താവേ, ഒരു പെണ്ണിന് ഇത്രയും സൗന്ദര്യമോ.!
അവൾ ക്രോധം കൊണ്ട് തന്നെ കൊല്ലുമെന്ന് ഭയന്ന് എലിസബത്ത് രണ്ടടി പിന്നോട്ട് നീങ്ങിപ്പോയി. എന്താണ് ചെയ്യേണ്ടത് എന്നറിയാത്തത് പോലെ ശാരിക ദേഷ്യം സഹിക്കാതെ ചുറ്റും പരതി നോക്കുന്നു. ആക്രമിക്കാൻ ഒരായുധം തിരയുന്ന അക്രമിയെ എലിസബത്ത് അവളിൽ കണ്ടു. എന്തോ പറയാൻ തുനിഞ്ഞ അവളെ ചുണ്ടിൽ വിരൽ ചേർത്തു മിണ്ടരുത് എന്ന് ശാരിക ആംഗ്യം കാണിച്ചു. പിന്നെ വിരൽ കൊണ്ട് ആംഗ്യത്തിലൂടെ പുറത്തേക്ക് ഇറങ്ങാൻ ആജ്ഞാപിച്ചു. ചകിതയായി എലിസബത് ആ ആജ്ഞ അനുസരിച്ചു പുറത്തേക്ക് ഓടി. പിന്നാലെ വാതിൽ ചാരി ശാരികയും.
“മാഡം ഞാൻ.. ഇന്നലെ എന്തോ അപകടം സംഭവിച്ചു ന്ന് കേട്ടപ്പോൾ..” എലിസബത് ന്യായീകരിക്കാൻ ബുദ്ധിമുട്ടി.
“അതിന് താനാരാ ഇക്കയുടെ ബീവിയോ ഓടിക്കിതച്ചു വന്നു കെട്ടിപ്പിടിക്കാൻ.” ശാരിക നിന്നു ചീറി. അവൾക്ക് ദേഷ്യത്തിന്റെയും ദുഖത്തിന്റെയും ഇടയിൽ പെട്ടു ഉന്മാദം ബാധിച്ചത് പോലെയായിരുന്നു. ഇക്കയെന്ന പ്രയോഗം കേട്ടപ്പോൾ തന്നെ എലിസബത്ത് തളർന്നു. അതിലൊരു സ്നേഹമുണ്ടെന്നു അവൾക്ക് മനസ്സിലായി.