പത്രോസിന്റെ വീട്ടിലേക്ക് ഫാദർ ഗബ്രിയേൽ കേറിയതും തന്റെ ളോഹയൂരി കസേരയിലേക്കിട്ടു. എന്നിട്ട് സോഫയിലേക്കിരുന്നു. അന്നമ്മയോ പത്രോസോ സ്തുതി പറഞ്ഞില്ല. അത് കൊണ്ട് അച്ഛൻ മടക്കേണ്ടിയും വന്നില്ല.
“അന്നമ്മോ… പത്രോസ് വന്ന് കുമ്പസാരിച്ചാർന്നു..” അച്ഛൻ അന്നമ്മയെ അർഥം വെച്ച നോട്ടത്തിൽ ഒന്ന് പറഞ്ഞു.
“അവിടെ കണ്ടത് അവൻ ഇവിടെ വന്നും കുമ്പസാരിച്ചാർന്നു ..” അന്നമ്മ അതെ തട്ടിൽ തന്നെ മറുപടി പറഞ്ഞു.
“ഇനി നമുക്ക് ഒരു ധാരണയിൽ അങ് പോകാം.. അതല്യോ നല്ലത്.. ഞാൻ അത്ര പുണ്യാളൻ ഒന്നും അല്ലന്നേ.. ഇത്തിരി കൊണസ്റ്റ് പരിപാടികളും ഹറാം പിറപ്പുകൾ ഒക്കെ ഉണ്ടെന്നേ..” അച്ഛൻ വളരെ ലാഘവത്തിൽ പറഞ്ഞു.
“കുറച്ച് തെമ്മാടിത്തരം ഒന്നും ഇല്ലേൽ പിന്നെ മനുഷ്യനെ എന്തിന് കൊള്ളാം..” അന്നമ്മ പറഞ്ഞു.
“അച്ചോ.. ഞാൻ ചന്തപ്പുരയിൽ ഒരു പരിപാടി പ്ലാൻ ചെയുന്നുണ്ട്..” പത്രോസ് സംസാരം ഗൗരവത്തിലേക്ക് കൊണ്ട് വന്നു.
“എന്താണ് തന്റെ പ്ലാൻ..” അച്ഛൻ അല്പം ശബ്ദം താഴ്ത്തി ചോദിച്ചു. അയാൾക്ക് ആകാംഷ ഉണ്ടായിരുന്നു.
“അച്ചോ.. ചന്തപ്പുര പള്ളിയിലെ പൊന്നും കുരിശ്.. അതാണ് എന്റെ പ്ലാൻ..” പത്രോസ് പറഞ്ഞു നിർത്തി. ഇത് കേട്ട ഫാദർ ഗബ്രിയേൽ മാത്രമല്ല അന്നമ്മയും അക്ഷരാർത്ഥത്തിൽ ഞെട്ടി.
“മോനെ പൊന്നും കുരിശോ..” അന്നമ്മയുടെ തൊണ്ട ഇടറി.
“അതെ അമ്മെ.. ഒരു കുഞ്ഞു പോലും അറിയാതെ ഞാൻ അതെടുക്കും..” എന്നിട്ട് അച്ഛനെ നോക്കി “അതിന് അച്ഛന്റെ സഹായം വേണം..” അച്ഛൻ എന്ത് പ്രതികരിക്കും എന്നായിരുന്നു അന്നമ്മയുടെ ആലോചന. അന്നമ്മ അച്ഛനെ തന്നെ ഉറ്റു നോക്കി. ആ മുഖത്ത് ചിന്തകളുടെ ഭാരിച്ച നിഴലുകൾ ഇഴയുന്നത് അന്നമ്മ വായിച്ചെടുത്തു.