****************************
പ്രാർത്ഥന കഴിഞ്ഞു വർഗീസിന്റെ സ്‌കൂട്ടിയിലേക്ക് കയറുമ്പോഴും പത്രോസ് തന്നെ നോക്കി നിൽക്കുന്നത് റോസി കണ്ടു. അവന്റെ ചുണ്ടിലെ പ്രത്യേക ചിരി റോസിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. റോസി പോയതും പള്ളി വരാന്തയിലേക്ക് കയറുമ്പോൾ ഗബ്രിയേൽ അച്ഛൻ വരാന്തയിലൂടെ നടന്നുവരികയാണ്. അച്ഛൻ അടുത്ത് എത്തിയപ്പോൾ ഒരു കള്ളചിരിയോട് സ്തുതി പറഞ്ഞു. പക്ഷെ ഗബ്രിയേൽ അച്ഛൻ മടക്കിയില്ല.
“അച്ഛന്റെ മുഖം കണ്ടാൽ അകെ പേടിച്ചിരിക്കണെന്നു തോന്നുമല്ലോ..” പത്രോസ് തന്നെ സംസാരത്തിന് തുടക്കമിട്ടു.
“എടാ പത്രോസേ നീ എന്നെ കുഴപ്പത്തിലാക്കരുത്.. ആ റോസിയുടെ കാര്യമെങ്കിലും നീ ഓർക്കണം.. അവൾ അകെ പേടിച്ചിരിക്കുവാണ്..”
“അച്ചോ അച്ഛൻ എന്നെ വിശ്വസിക്കാം.. ഞാൻ ഇന്നലെ പറഞ്ഞല്ലോ.. എന്റെ വായിൽ നിന്ന് ഒന്നും പുറത്ത് പോകില്ല.. പക്ഷെ…” പത്രോസ് പറഞ്ഞു നിർത്തി. അച്ഛനെ ഒന്ന് നോക്കി എന്നിട്ട് വീണ്ടും തുടർന്നു.
“..പക്ഷെ.. എനിക്ക് ഈ ചന്തപ്പുരയിൽ സമാധാനമായി ജീവിക്കണമെങ്കിൽ ഒരാളുടെ പിന്തുണ വേണം.. അതിന് പറ്റിയതിപ്പൊ അച്ഛൻ തന്നെയാണ്.. വെറുതെ വേണ്ടാ .. അതിന്റെ ഗുണം അച്ഛനും ഉണ്ടാവും.. പരസ്പ്പരം ഒരു ധാരണയിൽ നമുക്ക് സഹകരിച്ച് നിന്നാൽ പലതും നമുക്ക് ഇവിടെ നേടാൻ ഉണ്ട്..” പത്രോസ് പറഞ്ഞു നിർത്തി.
“പത്രോസ് എത്തരത്തിലുള്ള സഹകരണമാണ് ഉദ്ദേശിക്കുന്നത്..” ഗബ്രിയേൽ അച്ഛൻ തന്റെ സംശയം മുന്നോട്ട് വെച്ചു.
“അച്ചോ.. ഞാൻ ജൻമനാ ഒരു കള്ളനാണ്.. എന്റെ അച്ഛൻ പീലി ഒരു കള്ളനായിരുന്നു. ‘അമ്മ അന്നമ്മയും പറ്റുന്ന പോലെ കള്ളാ പണിയെടുത്താണ് എന്നെ വളർത്തിയത്.. അത് കൊണ്ട് കളവ് എന്റെ രക്തത്തിൽ ഉള്ളതാണ് അത് മാറ്റാൻ ഒന്നും പറ്റില്ല.. പക്ഷെ.. അച്ഛൻ വിചാരിച്ചാൽ ഈ ചന്തപ്പുരകരുടെ ഇടയിൽ കള്ളനെന്ന ഇമേജ് മാറ്റാൻ പറ്റും.. കളവ് നടന്നാലും എന്നെ സംശയിക്കാത്ത തരത്തിൽ ആളുകൾക്കിടയിൽ എനിക്ക് ജീവിക്കണം..”