ഒരു പഴയ തറവാട് വീട് ആയിരുന്നു. എന്റേത്. ഒരുപാട് സ്വത്തും പറമ്പും ബന്ധുക്കളും എല്ലാം ഉള്ള ഒരു കുടുംബം.
തറവാട്ടിൽ തന്നെ രണ്ട് കുളങ്ങൾ ഉണ്ട്. ഒന്ന് വീടിന്റെ അടുത്ത്. മറ്റൊന്ന് പറമ്പിൽ. കുളത്തിന്റെ കരയിലായി സ്ത്രീകൾക്ക് തുണിയൊക്കെ മാറാൻ ഒരു മറപ്പുരയും ഉണ്ട്. ഇപ്പോൾ എല്ലാം ഇടിഞ്ഞു പൊളിഞ്ഞു നാശമായി കാണും.
ഞാൻ നാട്ടിൽ വന്നിട്ട് ഏതാണ്ട് അഞ്ചു വർഷത്തിന് മുകളിൽ ആയി. അതിന് മുൻപും ഞാൻ സ്ഥിരമായി വീട്ടിൽ നിൽക്കാറുണ്ടായിരുന്നില്ല. എനിക്ക് ഇരുപത് വയസ്സ് ആകുന്നതിനു മുൻപ് തന്നെ പഠിക്കാൻ എന്നും പറഞ്ഞു ഞാൻ ഹോസ്റ്റലിൽ ആയിരുന്നു താമസം. പിന്നെ ജോലി കിട്ടിയെന്നു പറഞ്ഞു ദൂരേക്ക് ദൂരേക്ക് പോയിക്കൊണ്ടേയിരുന്നു.
ഇടയ്ക്ക് അമ്മ വിളിച്ചു കാണണം എന്ന് പറയുമ്പോൾ ആണ് നാട്ടിൽ വരുന്നത്. ഇപ്പോൾ അങ്ങനെ പറയാൻ ആരും ഇല്ല. ആകെ ഉള്ളത് ചേച്ചി മാത്രം ആണ്. എന്നാലും എനിക്ക് ഇപ്പോൾ നാട്ടിൽ പോകാൻ ഇഷ്ട്ടമേ അല്ല. നാട്ടിൽ പോയാൽ പല ഓർമ്മകളും എന്നെ വേദനിപ്പിക്കും.
അങ്ങനെ ഒരുപാട് പേര് ഉണ്ടായിരുന്ന ആ തറവാട്ട് വീട്ടിൽ ഇപ്പോൾ ആരും ഇല്ല. ആ വലിയ പഴയ തറവാട്ടിൽ ചേച്ചിയും മക്കളും മാത്രമേ ഉള്ളൂ. അളിയൻ എന്നെ പോലെ ദൂരെ എവിടെയോ ആണ്. എന്നെ പോലെ തന്നെ ആണോ. അത് അറിയില്ല. ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് വേണം പറയാൻ.
എപ്പോഴെങ്കിലും ചേച്ചി വിളിച്ചാൽ ഒന്നോ രണ്ടോ മിനുട്ട് ഞാൻ സംസാരിക്കും അത്രയേ ഉള്ളൂ.