ഒടുവിൽ വണ്ടികൾ വെച്ചിരുന്ന സ്ഥലത്തെത്തിയതും, ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ വണ്ടികളിൽ കയറി. വിറയ്ക്കുന്ന കൈകൾ കൊണ്ട് താക്കോൽ തിരിച്ചതും വണ്ടി സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ കൊടുത്തു.
കാടിന്റെ അതിർത്തി പിന്നിട്ട്, കോളേജിന്റെ ഗേറ്റ് കടക്കുന്നത് വരെ ആരും ശ്വാസം വിട്ടിട്ടുണ്ടായിരുന്നില്ല…”
ആമി ഒരു ദീർഘശ്വാസം വിട്ടു. ആ ഓർമ്മകൾ ഇപ്പോഴും അവളെ ഭയപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
ദിവസങ്ങൾ കടന്നുപോയി….
പുറമെ നോക്കുമ്പോൾ എല്ലാം സാധാരണപോലെയായിരുന്നു.
പക്ഷേ, എന്റെ ഉള്ളിലും ശരീരത്തിലും എന്തൊക്കെയോ മാറ്റങ്ങൾ വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
ക്യാമ്പസിലോ ക്ലാസ്സ് മുറികളിലോ ഒക്കെ വെറുതെ സ്വസ്ഥമായി ഇരിക്കുന്ന സമയത്ത്… ഞാൻ ആരുടെയെങ്കിലും മുഖത്തേക്ക് കുറച്ച് നേരം നോക്കിയാൽ മതി, അവരുടെ ഉള്ളിലെ ചിന്തകൾ എന്റെ തലച്ചോറിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.
ആദ്യം എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ മിണ്ടുന്നില്ല, ചുണ്ടുകൾ അനക്കുന്നില്ല… പക്ഷേ അവർ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ എനിക്ക് വ്യക്തമായി കേൾക്കാം. അവരുടെ രഹസ്യങ്ങൾ, സങ്കടങ്ങൾ, കള്ളത്തരങ്ങൾ… എല്ലാം. ഒരുതരം ‘മൈൻഡ് റീഡിങ്’ . ആ ഗുഹയിൽ പോയി ഇറങ്ങിയത് മുതലാണ്, അല്ലെങ്കിൽ ആ മോതിരം എന്റെ വിരലിൽ സ്ഥാനം പിടിച്ച മുതലാണ് എനിക്ക് ഈ കഴിവ് കിട്ടിയതെന്ന് എനിക്ക് മനസ്സിലായി.
കാരണം മോതിരം ഇടുമ്പോൾ മാത്രമേ എനിക്ക് ഇങ്ങനെ സംഭവിക്കുന്നുള്ളു ഊരി കഴിഞ്ഞാൽ സാധിക്കുന്നില്ല…