റോസിന്റെ ഓരോ ചോദ്യവും ഓരോ അമ്പുകൾ പോലെയാണ് എന്റെ നെഞ്ചിൽ തറച്ചത്.
സത്യത്തിൽ ഞാൻ അത് ചിന്തിച്ചിരുന്നില്ല. പേടി… അത് മാത്രമായിരുന്നു ആ സമയം എന്റെ ഉള്ളിൽ.
”ഞാൻ… ഞാൻ എന്ത് ചെയ്യും റോസേ…?”
എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
”നീ ഇപ്പോൾ ഒന്നും ചെയ്യണ്ട.നാളേ നമ്മുക്ക് രണ്ട് പേർക്കും ലീവ് എടുക്കാം എന്നിട്ട് കൃതികയേ പോയി പിക്ക് ചെയ്യാം…..അടുത്ത ദിവസം മുതൽ നീ കോളേജിൽ വെച്ച് ആമിയെ കാണുമ്പോൾ ഓടി ഒളിക്കാൻ നിൽക്കരുത്. കാര്യമൊന്നും ഉണ്ടാവില്ലെങ്കിലും ഞാൻ പറഞ്ഞു നോക്കാം..”
അവൾ ഫോൺ കട്ട് ചെയ്തു.
ഇറങ്ങിയ ഭാരം അതേ പോലേ കയറി വന്നു…
രാത്രി ഉറക്കം വന്നതേയില്ല. കണ്ണടക്കുമ്പോൾ ആമിയുടെ വിറയ്ക്കുന്ന ചുണ്ടുകളും നിറഞ്ഞ കണ്ണുകളും മാത്രം.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും മനസ്സ് ശാന്തമാകുന്നില്ല.
ഒടുവിൽ ചിന്തകൾക്ക് വിരാമമിടാൻ എന്നവണ്ണം ഞാൻ കണ്ണുകൾ മുറുക്കി അടച്ചു.
സമയം മെല്ലെ കടന്നുപോയി…
എപ്പോഴോ മയക്കത്തിലേക്ക് വഴുതി വീണ ഞാൻ, മുറിയിലെ തണുപ്പ് അസാധാരണമായി കൂടുന്നത് അറിഞ്ഞാണ് പാതി മയക്കത്തിൽ നിന്നുണർന്നത്.
എല്ലുകളിലേക്ക് തുളച്ചു കയറുന്ന തരം കുളിർ…
പെട്ടെന്നാണ് വാതിൽ തുറക്കുന്ന നേരിയ ശബ്ദം ഞാൻ കേട്ടത്…
ചിന്തിച്ച് കിടക്കുന്നതിനിടയിൽ വാതിൽ അടക്കാൻ മറന്നിരുന്നു…
അലസമായി ഞാൻ കണ്ണുകൾ തുറന്നു.
മുറിയിലാകെ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചം നിറഞ്ഞു നിൽക്കുന്നു.