ഓരോ ദിവസവും പ്രഭാതത്തിൽ, സൂര്യൻ പതിയെ ഉദിച്ചുവരുമ്പോൾ, തോമസ് ചേട്ടൻ മുറ്റത്തെ വരാന്തയിൽ ഇരുന്നു പത്രം വായിക്കും. കൈയിൽ ഒരു ചൂടുള്ള ചായ ഗ്ലാസ്, ചുറ്റും പക്ഷികളുടെ കളകളാരവം. “എടീ നാൻസി, ഇന്ന് മഴ വരുമോ എന്ന് നോക്ക്,” എന്ന് അദ്ദേഹം അടുക്കളയിലേക്ക് വിളിച്ചു ചോദിക്കും.
നാൻസി ടീച്ചർ അടുക്കളയിൽ നിന്ന് പതിയെ നടന്നുവരും, കൈയിൽ ചൂടുള്ള ദോശയും ചമ്മന്തിയും വെച്ച ഒരു പ്ലേറ്റ്. അവരുടെ മുഖത്ത് പ്രായത്തിന്റേതായ ക്ഷീണമുണ്ടെങ്കിലും, തോമസ് ചേട്ടനെ കാണുമ്പോൾ ഒരു ചിരി വിരിയും. “,മഴ വരട്ടെ ഡാഡി അതൊക്കെ നല്ലതല്ലേ നമുക്ക് ധൃതിപിടിച്ച് എവിടെയും പോകേണ്ട ആവശ്യമില്ലല്ലോ. നമുക്ക് ഇവിടെ ഇരുന്ന് പഴയ കഥകൾ പറയാം,” എന്ന് അവർ മൃദുവായി പറയും.
അവർ ഇരുവരും മുറ്റത്തെ ചെറിയ ടേബിളിനരികിൽ ഇരിക്കും. തോമസ് ദോശയിൽ ചമ്മന്തി മുക്കി കഴിക്കുമ്പോൾ, നാൻസി ടീച്ചർ അദ്ദേഹത്തെ നോക്കി ഇരിക്കും. “ഓർമയുണ്ടോ തോമസേ ചേട്ടാ നമ്മുടെ ആദ്യ കണ്ടുമുട്ടൽ?” എന്ന് അവർ ചോദിക്കും.
തോമസ് പത്രം മടക്കിവെച്ച്, നാൻസിയുടെ കണ്ണുകൾ തന്നെ നോക്കും. “എന്ത് മറക്കാൻ നാൻസി, അത് നമ്മുടെ ജീവിതത്തിന്റെ തുടക്കമല്ലേ.” അങ്ങനെ അവരുടെ ഓർമകൾ പിന്നോട്ട് പോകും, പതിയെ, ഓരോ നിമിഷവും ആസ്വദിച്ച്.
തോമസ് ചേട്ടനും നാൻസി ടീച്ചറും കണ്ടുമുട്ടിയത് അവരുടെ ഇടവക പള്ളിപ്പെരുന്നാളിനാണ്. അക്കാലത്ത് തോമസ് ഗവണ്മെന്റ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. നല്ല കുടുംബ പശ്ചാത്തലം, നല്ല സ്വഭാവം, എല്ലാവരോടും സഹായിക്കാൻ തയ്യാറുള്ളവൻ., നാൻസിയെ ആദ്യം കാണുന്നത് പള്ളിയുടെ ഉള്ളിൽ വച്ചായിരുന്നു.