പായും തലയണയും സൈഡിലേക്ക് മാറ്റിവച്ചു കട്ടിലിൽ ആദിയെ കെട്ടിപ്പിടിച്ച് ആ നെഞ്ചിൽ തല വെച്ച് കിടന്നു. ആദി എന്റെ നെറുകയിൽ തലോടികൊണ്ടിരുന്നു.
“… എന്തിനാടി ചിരിക്കണേ…” ആദിയെ കെട്ടിപിടിച്ചു കിടന്ന ഞാൻ കുണുങ്ങി ചിരിക്കുന്നത് മനസ്സിലാക്കി അവൻ ചോദിച്ചു.
“… അല്ല ചില മനുഷ്യരുടെ മാറ്റം ആലോചിച്ചു ചിരിച്ചത. പണ്ട് അറിയാതെ പോലും തന്റെ ദേഹത്ത് തൊടരുത് എന്ന് പറഞ്ഞവർ ഇപ്പൊ എന്റെ ചൂട് പറ്റാതെ ഉറങ്ങാൻ പറ്റില്ല എന്നായി…” അതിന് ആദി എന്നെ ഒന്നുകൂടി ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബനം നൽകി.
“… ചാരു നീ ഉറങ്ങിയോ…” ഏറെ നേരത്തിന് ശേഷം ആദി ചോദിച്ചു. ഞാൻ അതിന് ഇല്ല എന്ന് മൂളി.
“… എന്താ നീ ആലോചിക്കുന്നേ…” ആദി പിന്നയും തിരക്കി.
“…ഞാൻ ഇപ്പൊ ഒന്നിനെ പറ്റിയും ആലോചിക്കുന്നില്ല. ഇപ്പൊ എന്റെ മനസ് ശൂന്യമാണ്. ഞാൻ ഏറെ കൊതിച്ചതാ ഇതുപോലെ ആദിയുടെ ഹൃദയസ്പന്ദനവും കേട്ട് കിടക്ക എന്നുള്ളത്. അത് നടന്നതിന്റെ സന്തോഷത്തിലാ ഞാൻ…” പിന്നെ ആദി ഒന്നും ചോദിച്ചില്ല. ആദിയുടെ നെഞ്ചിൽ തലവെച്ചു ഉറക്കത്തിലേക്ക് വീണു.
ഇന്ന് ചാരുവാണ് എന്നെ വിളിച്ചെഴുനേൽപ്പിച്ചത്. ഓഫീസിൽ ഒന്നും പോണ്ടല്ലോ സുഖായിട്ട് ഉറങ്ങാം എന്ന് വിചാരിച്ച സമ്മതിക്കണ്ടേ. പല്ലുതേപ്പും കാപ്പി കുടിയും മരുന്നും കഴിഞ്ഞ് വീണ്ടും കട്ടിലിൽ തന്നെ ഇരുപ്പായി.
“… നീ ഇത് എവിടെ പോയതാ. മനുഷ്യൻ ഇവിടെ ഒറ്റക്ക് ഇരുന്ന് മടുത്തു…”
“…താഴെ പണി ഉണ്ടായിരുന്നു. അതുമാത്രമല്ല എപ്പോഴും ആദിയുടെ കൂടെ തന്നെ ഇരുന്നാൽ അമ്മ എന്ത് പറയും…”